കുവൈത്തില്‍ ജലം, വൈദ്യുതി നിരക്ക് കൂടും

single-img
18 August 2017

കുവൈത്ത്: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ ജലം വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഈ മാസം 22 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. നിലവിലെ നിരക്കായ കിലോവാട്ടിന് രണ്ടു ഫില്‍സ് എന്നത് അഞ്ചു ഫില്‍സ് ആയാണ് വര്‍ദ്ധിപ്പിക്കുന്നത്. സ്വദേശിഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്.

എണ്ണ വിലയിടിവിനെ തുടര്‍ന്നു സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. വിദേശികള്‍ താമസിക്കുന്ന വാടക അപ്പാര്‍ട്‌മെന്റുകള്‍, താമസമേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകും.

ആയിരം യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് കിലോവാട്ടിന് അഞ്ചു ഫില്‍സ് തോതിലും ആയിരത്തിനു മുകളില്‍ രണ്ടായിരം വരെയുള്ള ഉപയോഗത്തിന് 10 ഫില്‍സ് തോതിലും രണ്ടായിരത്തിനു മുകളില്‍ 15 ഫില്‍സ് എന്ന തോതിലുമാണ് വൈദ്യുതി ചാര്‍ജ് ഈടാക്കുക.

സ്വദേശി ഭവനങ്ങളും സ്വദേശികള്‍ വാടകക്ക് താമസിക്കുന്ന ഫ്‌ളാറ്റുകളും നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടില്‍ താമസിക്കുന്ന സ്വദേശികള്‍ വാടകക്കെട്ടിടത്തില്‍ അധിക നിരക്ക് നല്‍കണം. അതേസമയം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ അപ്‌ളിക്കേഷനിലൂടെ പണമടക്കാനുള്ള സൗകര്യമൊരുക്കിയതായി അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് ബോഷേരി അറിയിച്ചു.

ഇതിനായി വൈദ്യുതി മീറ്ററുകളുടെ ചിത്രമെടുത്തു മൊബൈല്‍ ആപ്പ് വഴി മന്ത്രാലയത്തിലേക്കു അയക്കണമെന്നും മീറ്റര്‍ റീഡിങ് പ്രകാരം അടക്കേണ്ട തുക എത്രയാണെന്ന് മറുപടി സന്ദേശം ലഭിച്ചാല്‍ ആപ്ലിക്കേഷന്‍ വഴി തന്നെ പണമടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.