കുവൈത്തിലെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള റിക്രൂട്ട്‌മെന്റില്‍ ഇന്ത്യക്കാര്‍ക്ക് പ്രഥമ പരിഗണന

single-img
18 August 2017

കുവൈത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള അല്‍ദുര്‍റ റിക്രൂട്ട്‌മെന്റ് കമ്പനി ഈ മാസം അവസാനം മുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ വുഹൈബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള പുരുഷ തൊഴിലാളികളെ ആണ് ആദ്യ റിക്രൂട്ടില്‍ ഉള്‍പ്പെടുത്തുക എന്നും അധികൃതര്‍ അറിയിച്ചു.

തുടക്കത്തില്‍ പുരുഷന്മാരെ മാത്രമാണ് റിക്രൂട്ട് ചെയ്യുക. രണ്ട് മാസത്തിന് ശേഷം സ്ത്രീ തൊഴിലാളികളെ കൂടി ലഭ്യമാക്കും. ഡ്രൈവര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തില്‍ എത്തിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്ന് കൂടി തൊഴിലാളികളെ എത്തിക്കും.

അപേക്ഷ സമര്‍പ്പിച്ച് 30 ദിവസം മുതല്‍ 45 ദിവസത്തിനുള്ളില്‍ തൊഴിലാളികളെ എത്തിക്കും. 280 ദീനാറാണ് ഇന്ത്യയില്‍നിന്ന് ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരാന്‍ സ്വദേശികള്‍ക്ക് ചെലവ് വരുക. മറ്റു രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്നതിന്റെ ചെലവ് വ്യത്യസ്തമായിരിക്കും. റിക്രൂട്ട്‌മെന്റ് ചെലവ് എപ്പോഴും ഒരേ തുകയായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.

ശര്‍ഖിലെ ദാര്‍ അല്‍ അവദി ബില്‍ഡിങ്ങിലാണ് കമ്പനിയുടെ ആസ്ഥാനം. ആറ് ഗവര്‍ണറേറ്റുകളില്‍ ശാഖാ ഓഫിസുകളുമുണ്ടാവും. ഇഷ്ബിലിയ, റൗദ, ഫഹാഹീല്‍, ജഹ്‌റ, അദാന്‍, അല്‍ ഖുസൂര്‍ എന്നിവിടങ്ങളിലെ സഹകരണ സംഘങ്ങളിലാവും ശാഖാ ഓഫിസുകള്‍. ശാഖാ ഓഫിസുകളിലും ഓണ്‍ലൈന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.