നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും മുന്‍കൂര്‍ ജാമ്യം

single-img
18 August 2017

കൊച്ചി: ബോഡി ഡബ്ലിംഗ് നടത്തിയെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി അടക്കം നാലുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെ കേസില്‍ വിധി പറയാനിരുന്നതാണെങ്കിലും കേസ് ഡയറി ലഭ്യമാകാന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ സന്നദ്ധയാണെന്ന് ചൂണ്ടിക്കാട്ടി നടി കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പറ്റില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

സംവിധായകനും നടനുമായ ലാല്‍ നിര്‍മിച്ച് മകന്‍ ജീന്‍പോള്‍ സംവിധാനം ചെയ്ത ഹണി ബി ടുവില്‍ അഭിനയിക്കവെ തനിക്ക് പ്രതികളില്‍ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്നാണ് നടി പരാതിയില്‍ പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ സംവിധായകനും നടനും അണിയറപ്രവര്‍ത്തകരും ലൈംഗികമായി അധിഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരായില്‍ ഉന്നയിച്ചിട്ടുണ്ട്. തന്റെ അനുവാദമില്ലാതെ തല മാത്രം കൂട്ടിച്ചേര്‍ത്ത ദൃശ്യങ്ങള്‍ സിനിമയില്‍ മോശമായി ഉപയോഗിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.