അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്: റവന്യുമന്ത്രി ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് തേടി

single-img
18 August 2017

പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് തേടി. നിയമലംഘനം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമ ലംഘനങ്ങള്‍ പുറത്തുവന്നതോടെയാണു നടപടി.

പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ന് പുറത്തു വന്നിരുന്നു. ദുരന്ത നിവാരണ വകുപ്പ് 2016ല്‍ പുറത്തിറക്കിയ ഉത്തരവില്‍ പാര്‍ക്ക് ഇരിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും മഴക്കുഴി പോലും കുത്താന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

തന്റെ വാട്ടര്‍തീം പാര്‍ക്കും പരിസരവും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും, അതിന്റെ നിര്‍മാണവും നടത്തിപ്പും നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിലാണെന്നുമായിരുന്നു അന്‍വറിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന രേഖകള്‍.

ഇതിനു പുറമെ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതും പരാതി നല്‍കിയിരിക്കുന്നതും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബിനാമിയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് കക്കാടം പൊയിലിലാണ് പിവി അന്‍വര്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണ്.

ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്പു തന്നെ പാര്‍ക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ക്കിന് പഞ്ചായത്ത് പിഴ നല്‍കുകയായിരുന്നു. കക്കാടംപൊയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.