ദിലീപിന് ദു:ഖ വെള്ളി: ജയിലില്‍ തന്നെ കിടക്കണം; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

single-img
18 August 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്.

പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക് ഇന്ന് ഹാജരാകാന്‍ സാധിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപ് ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം 10 നാണ് ദിലീപ് രണ്ടാമത് ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ പുതിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് രണ്ടാമതും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലൈ 24 ന് തള്ളിയിരുന്നു.