വ്യാജ വിവാഹ രേഖകളുണ്ടാക്കി മരിച്ചയാളുടെ സ്വത്ത് തട്ടിയ കേസ്: അഡ്വ.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും കീഴടങ്ങി

single-img
18 August 2017

തിരുവനന്തപുരം: വ്യാജവിവാഹരേഖകളുണ്ടാക്കി മരിച്ചയാളുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി അഡ്വ.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും കീഴടങ്ങി. തളിപ്പറമ്പ് സഹകരണസംഘം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസിലെത്തി ഇരുവരും കീഴടങ്ങിയത്.

പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. ബാലകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശൈലജയുടെ സഹോദരി ജാനകിയുടെയും ബാലകൃഷ്ണന്റെയും വിവാഹ സാക്ഷ്യപത്രം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണെന്നും ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യങ്ങളില്‍ ബന്ധമുണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. പ്രതികള്‍ അന്വേഷണസംഘത്തിന് മുന്‍പാകെ കീഴടങ്ങണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസിലെ മറ്റൊരു പ്രതിയും അഡ്വ.ശൈലജയുടെ സഹോദരിയുമായിരുന്ന ജാനകിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും സഹോദരി ശൈലജ നല്‍കിയ രേഖകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ജാനകിയുടെ മൊഴി. ശൈലജയും ഭര്‍ത്താവുമാണ് വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയ കേസിലെ ബുദ്ധികേന്ദ്രങ്ങളെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

2011 സെപ്തംബര്‍ 11ന് കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് പുതുക്കുളങ്ങര പി ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്താണ് സംഘം വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്തത്. അവിവാഹിതനായിരുന്നു ബാലകൃഷ്ണന്‍.

ഒരു കേസുമായി ബന്ധപ്പെട്ട കാര്യത്തിനിടെ ബാലകൃഷ്ണന്റെ കുടുംബ വിവരങ്ങള്‍ മനസിലാക്കിയിരുന്ന അഭിഭാഷകയായ ശൈലജ ബാലകൃഷ്ണന്റെ മരണശേഷമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ശൈലജയുടെ സഹോദരി ജാനകിയെ, ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതിന്റെ വ്യാജരേഖകള്‍ ഉണ്ടാക്കി സ്വത്തുക്കള്‍ ജാനകിയുടെ പേരിലാക്കുകയും തുടര്‍ന്ന് ശൈലജ തന്റെ പേരിലേക്ക് മാറ്റുകയുമായിരുന്നു.