ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ച ഇടുക്കി സ്വദേശിക്കെതിരെ കേസ്; യുവാവിന് മാനസിക പ്രശ്‌നമെന്ന് പൊലീസ്

single-img
18 August 2017

കേരളത്തില്‍ ഒരുപാട് യുവാക്കള്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിക്കുന്നതായി സ്ഥീരികരണം വന്നതിന് പിറകേ കൊലയാളി ഗെയിം പ്രചരിപ്പിച്ച ഇടുക്കി സ്വദേശിക്കെതിരെ കേസെടുത്തു. ഐ.ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മാനസിക വിഭ്രാന്തിയുള്ള ഇയാളെ കൗണ്‍സിലിംഗിന് വിധേയമാക്കിയതായി പൊലീസ് അറിയിച്ചു.

ഈ വ്യക്തിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ താന്‍ പൂര്‍ത്തീകരിച്ചതായി സമ്മതിക്കുന്ന യുവാവിന്റെ ഫോണ്‍ സംഭാഷണം ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു. ഗെയിമിന്റെ ആദ്യ ഘട്ടത്തില്‍ ക്യുറേറ്റര്‍ തന്നോട് ആവശ്യപ്പെട്ടത് കയ്യില്‍ ബ്ലേഡ് കൊണ്ട് എ57 എന്ന് എഴുതാനായിരുന്നു.

ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാം ദൗത്യം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നാണു ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള കാര്യങ്ങളും ഫോണ്‍ സംഭാഷണത്തിലുണ്ട്.

കേരളത്തിലെ ഒരു ഹാക്കിംഗ് സംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് തനിക്ക് ഗെയിമിന്റെ ലിങ്ക് കിട്ടിയതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ ഗെയിമിന്റെ ലിങ്ക് പ്രചരിപ്പിച്ചെന്നാണ് കേസ്. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ഒരു ഗെയിം അല്ല ബ്ലൂ വെയ്ല്‍. മറ്റേതെങ്കിലും വ്യക്തി വഴി കൈമാറ്റം ചെയ്യപ്പെടുകയോ ക്ഷണിക്കപ്പെടുകയോ വേണം.