കേരളത്തില്‍ ‘കൊലയാളി ഗെയിം’ സജീവം: യുവാവിന്റെ വെളിപ്പെടുത്തല്‍

single-img
18 August 2017

കൊച്ചി: കേരളത്തില്‍ ബ്ലുവെയ്ല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുമ്പോഴും ഈ കൊലയാളി ഗെയിം സംസ്ഥാനത്തിപ്പോഴും സജീവമായി തുടരുന്നതായി റിപ്പോര്‍ട്ട്. ഡൗണ്‍ലോഡിങ് തടയാനായി കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും കളി ഇപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ബ്ലൂവെയില്‍ ഗെയിമിന്റെ അപകടകരമായ നാലു ഘട്ടങ്ങള്‍ താന്‍ പിന്നിട്ടതായുള്ള ഒരു യുവാവിന്റെ വെളിപ്പെടുത്തലും പുറത്തു വന്നു. നാലു ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തു. ഈ ഗെയിമില്‍ ഒരിക്കല്‍ അകപ്പെട്ടാല്‍ പിന്നെ കളി അവസാനിക്കുന്നത് വരെ ഒരിക്കലും പുറത്തു കടക്കാനാവില്ലെന്നും ഒഴിവായാല്‍ ശിക്ഷ ലഭിക്കുമെന്നും ഈ യുവാവ് പറയുന്നു. ഇതിലൂടെ താന്‍ ആത്മഹത്യ ചെയ്യില്ലെന്നും കളിച്ച് അഡ്മിനെ തോല്‍പ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കേരളത്തില്‍ പലരും കളിക്കുന്നുണ്ടെന്നും ഇടുക്കിയില്‍ നാലു പേര്‍ കളിക്കുന്നതായും യുവാവ് വ്യക്തമാക്കി.

ഗെയിമിന്റെ ഭാഗമായി ഓഗസ്റ്റ് 13 ന് ശരീരത്തില്‍ മുറിവേല്‍പ്പിച്ച് എഫ് 57 എന്നെഴുതാന്‍ ആയിരുന്നു ഇയാളോടുള്ള അഡ്മിന്റെ ആദ്യ ആവശ്യം. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത ടാസ്‌ക്ക് ഞരമ്പ് മുറിച്ച് മുറിവിന്റെയും ബ്‌ളേഡിന്റെയും ചിത്രം പോസ്റ്റ് ചെയ്യാനായിരുന്നു.

പുലര്‍ച്ചെ 4.30 ന് എഴുന്നേറ്റ് പ്രേത സിനിമ കാണാനായിരുന്നു മൂന്നാമത്തെ ജോലി കിട്ടിയത്. അതിന് ശേഷം വട്ടു പിടിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണാനും പേപ്പറില്‍ തിമിംഗലത്തിന്റെ ചിത്രം കാണാനുമായിരുന്നു നിര്‍ദേശം. ഈ ഗെയിം കളിച്ചിട്ട് മരിക്കില്ല എന്ന് തെളിയിക്കാനാണ് താന്‍ ഗെയിം കളിക്കുന്നതെന്നും താന്‍ ആര്‍ക്കും ലിങ്ക് കൊടുത്തിട്ടില്ലെന്നും യുവാവ് പറഞ്ഞു.

256 പേരുള്ള വാട്‌സ് ആപ്പിലെ ഗാഡ്ജറ്റ് എന്ന ഗ്രൂപ്പു വഴിയാണ് ഇയാള്‍ ഗെയിമില്‍ എത്തിയത്. ‘ഫുള്‍ ഹാക്കര്‍മാരുള്ള ഈ ഗ്രൂപ്പില്‍ താന്‍ അംഗമാണ്. ഇവരുടെ കയ്യില്‍ നിന്നാണ് ലിങ്ക് കിട്ടിയത്. ഹാക്കേഴ്‌സിന്റെ കയ്യില്‍ ഈ ഗെയിം ഉണ്ടെന്നും പേഴ്‌സണലായി കോണ്ടാക്ട് ചെയ്താല്‍ കിട്ടുമെന്നും യുവാവ് പറയുന്നു. ഈ ഗെയിം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും മുമ്പ് ഹാക്ക് ചെയ്ത് പോക്കിമോന്‍ ഗെയിം കളിച്ചയാളാണ് താനെന്നും’ ഇയാള്‍ പറയുന്നു്. യുവാവ് ഇപ്പോഴും നിരീക്ഷണത്തിലാണെന്നു വിവരമുണ്ട്.

ഗെയിമില്‍ പങ്കെടുക്കുന്നവര്‍ ക്യൂറേറ്റര്‍ എന്ന് വിളിക്കുന്ന അഡ്മിന് വേണ്ടി ജീവിതം ത്യജിക്കുന്ന ഗെയിമിന് പിന്നില്‍ മനശ്ശാസ്ത്രം അറിയുന്ന ആളാണ്. ഗെയിമില്‍ ഏര്‍പ്പെടുന്നയാളുടെ മുഴുവന്‍ നീക്കവും ഇയാള്‍ക്ക് അറിയാം. ആത്മഹത്യാ പ്രവണത ഉള്ളവരെയാണ് ഗെയിം പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.

ഒരാളുടെ മനസ്സിനെ വേദനയില്‍ നിന്നും മുക്തമാക്കുക. ശരീരത്തെ വേദനിയ്ക്കുന്നതിന് മടിയും ഭയവും ഇല്ലാതാക്കുക. ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാക്കി ക്യൂറേറ്റര്‍ക്ക് വേണ്ടി ആത്മഹത്യയിലേക്ക് നയിക്കുകയാണ് ഗെയിം ചെയ്യുന്നത്. കളിച്ചു കളിച്ച് ഒടുവില്‍ അഡ്മിന്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും.

തുടക്കത്തില്‍ ചെറിയ ചെറിയ ടാസ്‌ക്കുകളുമായി തുടങ്ങുന്ന ഗെയിം പിന്നീട് കൂടുതല്‍ ഗൗരവകരമായ ടാസ്‌ക്കുകളിലേക്കു നീങ്ങുകയും കടുത്ത മാനസീക സമ്മര്‍ദ്ദത്തില്‍ അടിപ്പെടുത്തുകയും ചെയ്യും. ഒരിക്കല്‍ ഗെയിമില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ വിവരങ്ങള്‍ മുഴുവന്‍ അഡ്മിന് കിട്ടുകയും പിന്നീട് അതുപയോഗിച്ച് മാനസീകമായി അടിപ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കുകയാണ് ഗെയിം ചെയ്യുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.