പ്രളയദുരന്തം തുടരുന്നു: മൂന്നംഗ കുടുംബം പാലം തകര്‍ന്ന് ഒഴുക്കില്‍പ്പെട്ടു

single-img
18 August 2017

പട്‌ന: ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബിഹാറിലും അസമിലും കനത്ത പ്രളയം തുടരുന്നു. ഇരുസംസ്ഥാനങ്ങളിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. അസമില്‍ മാത്രം മരിച്ചവരുടെ എണ്ണം 125 ആയി. ബിഹാറില്‍ ഇതുവരെ നൂറുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും വിവിധ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ബിഹാറിലെ അരാരിയ ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്നപാലത്തില്‍ നിന്ന് താഴേക്ക് വീണ് ഒഴുക്കില്‍പ്പെട്ട് ദുരന്തത്തിനിരയായ മൂന്നംഗ കുടുംബത്തിന്റെ ദൃശ്യം ഹൃദയഭേദകമായി.

ശക്തമായ വെള്ളപ്പൊക്കത്തില്‍ കടപുഴകി ഒഴുകിയെത്തിയ വലിയ മരം ഇടിച്ചതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ പാലത്തില്‍കൂടി മറുകര കടക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു സ്ത്രീയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബം ദുരന്തത്തിന് ഇരയായത്.

തകര്‍ന്നു തുടങ്ങിയ പാലത്തിലൂടെ ആളുകള്‍ മറുകരയിലേക്ക് ഓടി രക്ഷപെടുന്നതിന്റെയും ഇവരെ രക്ഷപെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇതിനിടെയാണ് ജീവനുംകൈയില്‍പിടിച്ച് ഓടിയ മൂന്നംഗ കുടുംബം അപകടത്തില്‍ പെടുന്നതും ദൃശ്യത്തില്‍ പതിഞ്ഞത്. മറുകരയെത്തുന്നതിന് തൊട്ടുമുന്‍പ് പാലം ഇവരുമായി നദിയിലേക്ക് പതിക്കുകയായിരുന്നു.

മുതിര്‍ന്ന കുട്ടി തകര്‍ന്ന പാലത്തിന്റെ വക്കില്‍ പിടിച്ച് രക്ഷപെട്ടു. ഇളയ കുട്ടിയും സ്ത്രീയും ഒഴുക്കില്‍പ്പെട്ടു. ഇരുഭാഗത്തുമായി നില്‍ക്കുന്നവര്‍ക്ക് ഈ ദുരന്തത്തിനു മുന്നില്‍ നിസ്സഹരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. അത്ര വേഗത്തിലാണ് പ്രളയം അവരെയും വിഴുങ്ങി മുന്നോട്ടുപോയത്. പാലത്തില്‍ എല്ലാവരും ഒന്നിച്ചുകയറിയാല്‍ അപകടമാകുമെന്നതിനാലാണ് രണ്ടും മൂന്നുംപേര്‍ വീതം പാലത്തിലൂടെ ഓടി രക്ഷപെടാന്‍ ശ്രമിച്ചത്.

ബിഹാറില്‍ 14 ജില്ലകളിലാണ് പ്രളയം ദുരന്തം വിതച്ചത്. ഈ ജില്ലകളില്‍ 73 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്. എല്ലാ ജില്ലകളിലെയും ഉള്‍ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേന അസമിലും ബിഹാറിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ടെങ്കിലും റോഡുകളും റെയില്‍വെ പാലങ്ങളും തകര്‍ന്ന നിലയിലായതിനാല്‍ ജനങ്ങളെ സുരക്ഷിതമേഖലയിലേക്ക് മാറ്റുന്നതിനും അധികൃതര്‍ക്ക് കഴിയുന്നില്ല.

അതിനിടെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയില്‍ മൂന്നുനാലു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ കടുത്ത ഭീതിയിലാണ് ജനങ്ങള്‍