ദിലീപിനെപ്പറ്റി നല്ലതേ കേട്ടിരുന്നുള്ളൂവെന്ന് ശോഭന; ‘മലയാളസിനിമയില്‍ ഇങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചില്ല’

single-img
17 August 2017

ചെന്നൈ: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയെക്കുറിച്ച് പ്രതികരണവുമായി നടി ശോഭന. സംഭവം അറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മലയാള സിനിമയില്‍ ഇത്തരമൊരു സംഭവമുണ്ടാവുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല എന്ന് ശോഭന പറയുന്നു. തമിഴിലെ ഒരു പ്രധാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ വലിപ്പ ചെറുപ്പങ്ങളില്ലാതെ ഒരു കുടുംബം പോലെ സഹകരിച്ചാണ് പണ്ടൊക്കെ ഷൂട്ടിങ് നടക്കാറുള്ളത്. നടിമാര്‍ക്കെല്ലാം തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം ഇവിടെ പൊതുവെ ഉണ്ടായിരുന്നെന്നും താരം പറയുന്നു. ദിലീപിനെ പരിചയപ്പെടുന്നത് 1997 ലാണ്. മമ്മൂട്ടിയും ഞാനും നായികാ നായകന്മാരായി അഭിനയിച്ച കളിയൂഞ്ഞാലില്‍ ദിലീപും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് ദിലീപ് വളരെ സൗമ്യനായിരുന്നു. ഷൂട്ടിങ് ഇടവേളകളിലെ മുഖ്യതാരം ദിലീപായിരുന്നു. മിമിക്രി കാണിച്ചും ചിരിപ്പിച്ചും സെറ്റില്‍ എല്ലാവരെയും കയ്യിലെടുക്കും. ഇപ്പോള്‍ വര്‍ഷങ്ങളായി തനിക്ക് ദിലീപുമായി സൗഹൃദ ബന്ധങ്ങളൊന്നും ഇല്ല എന്ന് ശോഭന പറയുന്നു.

ഓരോരുത്തരും അവരവരുടെ മേഖലയില്‍ തിരക്കിലായപ്പോള്‍ സിനിമയിലെ സൗഹൃദങ്ങള്‍ പോലും ഇല്ലാതെയായി. സിനിമയിലെ പുതിയ രീതികളെ കുറിച്ച് എനിക്കിപ്പോള്‍ അറിവില്ല. സിനിമയില്‍ പുരുഷന്മാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായം മലയാളത്തില്‍ മാത്രമല്ല, ലോക സിനിമയിലും ഇങ്ങനെയൊക്കെ തന്നെയാണ്. പുരുഷന്റെ സംരക്ഷണമില്ലെന്ന് കരുതി എനിക്കിതുവരെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല എന്നും ശോഭന പറഞ്ഞു.

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ കുറിച്ചോ ദിലീപ് അറസ്റ്റിലായതിനെ കുറിച്ചോ കൂടുതലൊന്നും പ്രതികരിക്കാന്‍ ശോഭന തയ്യാറായില്ല. എന്നാല്‍ കേരള പൊലീസ് കുറ്റാന്വേഷണത്തില്‍ വളരെ മികച്ചവരാണെന്നാണ് പൊതുവെ അറിയപ്പെടുന്നത് എന്ന് ശോഭന പറഞ്ഞു.