റോഡുകളില്‍ ഇനി പോലീസ് വാഹന പരിശോധന നടത്തുന്നത് ഇങ്ങനെ…

single-img
17 August 2017

വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്ക് സോണല്‍ എഡിജിപിമാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വാഹന പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കണമെന്നാണ്പ്രധാനപ്പെട്ട നിര്‍ദേശം. നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്നും സോണല്‍ എഡിജിപിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വാഹനങ്ങളെ പരിശോധനയ്ക്കിടെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകരുതെന്നും ഇത്തരം വാഹനങ്ങള്‍ക്കെതിരെ എന്തെങ്കിലും നിയമലംഘനം ഉണ്ടെങ്കില്‍ സംഭവസ്ഥലത്തു വച്ചുതന്നെ നോട്ടീസ് നല്‍കി നടപടിയെടുക്കാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടിയാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകാവൂ എന്നും ഇത്തരക്കാരെ സ്‌റ്റേഷനില്‍ എത്തിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വാഹനപരിശോധനക്കിടെ പിടികൂടിയവരെ ജാമ്യത്തിലെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ പിടികൂടിയ വാഹനം സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൊതുവേ അവധി ദിനങ്ങളുടെ തലേന്നാണ് കുറ്റകൃത്യങ്ങള്‍ കൂടുതലായും ശ്രദ്ധയില്‍ പെടുന്നത്. അതുകൊണ്ടു തന്നെ അത്തരം ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ നാലു മണി വരെ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.