‘മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കും; ഇയാള്‍ വേറെ റെയ്ഞ്ചാണെന്ന് അന്ന് ഞാന്‍ മനസില്‍ എഴുതി’

single-img
17 August 2017

നടനവിസ്മയം മോഹന്‍ലാലിന്റെ മാന്ത്രിക അഭിനയം കണ്ട് കട്ട് പറയാന്‍ വരെ മറന്നവരാണ് നമ്മുടെ സംവിധായകര്‍. മോഹന്‍ലാലിന്റെ കണ്‍ പീലിയും പുരികവും തുടങ്ങി കൈവിരലുകള്‍ വരെ അഭിനയിക്കുന്നതു കാണാമെന്ന് കമല്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, രഞ്ജിത്ത് തുടങ്ങി നിരവധി സംവിധായകര്‍ പലതവണ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ലാലിന്റെ അഭിനയ കലയില്‍ വിസ്മയിച്ചു നിന്ന ഇതേ അനുഭവം തന്നെയാണ് ഒരുകാലത്തെ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഫാസിലിനും പങ്കുവെക്കാനുള്ളത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുമ്പോഴെ ലാല്‍ വളരെ ഫ്‌ളെക്‌സിബിളായിട്ട് അഭിനയിക്കുന്നയാളാണെന്ന് തനിക്ക് പിടികിട്ടിയിരുന്നുവെന്നും അദ്ദേഹത്തിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നത് താന്‍ കണ്ടുവെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ എഡിറ്റിങ് നടക്കുമ്പോഴാണ് ഒരു അത്ഭുതമുണ്ടാകുന്നത്. മോഹന്‍ലാല്‍ കോണി വഴി ഓടിക്കേറിയിട്ട് നായികയുടെ സാധനങ്ങള്‍ വലിച്ചിടുന്ന സീനാണ്. അവള്‍ മുമ്പ് അവനെ കളിയാക്കാന്‍ ഉപയോഗിച്ച ചില സാധനങ്ങള്‍ അപ്പോള്‍ പുറത്തേക്ക് വീഴും.

ഒരു മുഖംമൂടി, കൂളിങ് ഗ്ലാസ് ഒക്കെയാണ്. അത് ഓരോന്നായി ലാല്‍ എടുത്തുവെക്കുന്നു. അതില്‍ ലാലിന്റെ വിരലുകള്‍ വന്ന് ആ കണ്ണാടിയും മുഖംമൂടിയുമൊക്കെ എടുത്തുവെക്കും. അപ്പോഴാണ് കണ്ടത്, ലാലിന്റെ വിരലുകളും അഭിനയിക്കുന്നുണ്ടെന്ന്. പിന്നീട് ഐ.വി ശശിയൊക്കെയാണ് പറയുന്നത്. ലാലിന് മുണ്ടുടുക്കുന്നതിലും ഒരു നടനമുണ്ടെന്ന്. അന്ന് തന്നെ ഇയാള്‍ വേറെ റെയ്ഞ്ചാണെന്ന് ഞാന്‍ മനസില്‍ എഴുതിയിരുന്നുവെന്നും ‘ഫാസില്‍ പറയുന്നു.

മോഹന്‍ലാലിനെ പോലെ നിരീക്ഷണമുളള ഒരാളെ വേറെ കണ്ടിട്ടില്ല. സെറ്റില്‍ നൂറുപേരുണ്ടെങ്കില്‍ അവരെയെല്ലാം നോക്കി ലാലിന്റെ കണ്ണിങ്ങനെ സഞ്ചരിക്കും. സ്ത്രീകളാണെങ്കില്‍ പറയുകയും വേണ്ട. ഓരോരുത്തരും എന്ത് ചെയ്യുന്നുവെന്ന് നോക്കും. അത് ആരാണ് എന്ന് ചോദിക്കും.

ടച്ചപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴും ലാലിന്റെ കണ്ണുകള്‍ ചുറ്റിലും പരതും. ഇതെല്ലാം അറിയാതെ അയാളുടെ കംപ്യൂട്ടര്‍ മനസില്‍ പതിഞ്ഞുകിടക്കും. പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ വന്ന് സ്വിച്ചിട്ട പോലെ അഭിനയിക്കുകയും ചെയ്യുമെന്നും ഫാസില്‍ പറയുന്നു.