പൊന്നിന്‍ ചിങ്ങത്തില്‍ മലയാളിക്ക് വലിയ മുന്നറിയിപ്പ്: കേരളത്തെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ച

single-img
17 August 2017

തിരുവനന്തപുരം: കേരളം കടുത്ത വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം കൊടിയ വരള്‍ച്ചയെ അഭിമുഖീകരിക്കാന്‍ പോവുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതോടെ പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികള്‍ക്ക് അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപം നല്‍കും.

ഈ മണ്‍സൂണ്‍ സീസണില്‍ രാജ്യത്തൊട്ടാകെ നല്ല മഴ ലഭിച്ചപ്പോള്‍ പ്രതീക്ഷിച്ചതിലും 29 ശതമാനം മഴക്കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. മണ്‍സൂണ്‍ സീസണില്‍ ഇനി 45 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ കുറവ് നികത്താന്‍ ആവശ്യമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയുമില്ല. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷത്തിലാണ് ഇനി ആകെയുള്ള പ്രതീക്ഷ.

മഴക്കുറവ് തുടര്‍ന്നാല്‍ കുടിവെള്ള വിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. ഡാമുകളില്‍ വെള്ളം കുറയുന്നത് വൈദ്യുതോല്‍പ്പാദനത്തിലും കുറവുവരുത്തും. കാര്‍ഷികവിളകളെയും മഴക്കുറവ് ബാധിക്കും. ഇനി പെയ്യുന്ന മഴയെങ്കിലും ശേഖരിക്കാനായാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.