ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

single-img
17 August 2017


ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ജയയുടെ മരണം അന്വേഷിക്കും.

2016 ഡിസംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെയാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം.  ഏറെ ദുരൂഹമായിരുന്നു മരണം. ഈ സാഹചര്യത്തില്‍ ജയയുടെ മരണകാരണം അന്വേഷിക്കണമെന്ന് അന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു.

തമിഴ്‌നാട്ടിലെ പ്രതിപക്ഷവും എഐഎഡിഎംകെയിലെ ഒരു വിഭാഗവും അന്വേഷണ ആവശ്യം ഉന്നയിച്ചിരുന്നു. ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുന്‍പുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാജിയോടെ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയി.

തുടര്‍ന്ന് ലയനം പൂര്‍ത്തിയാക്കാന്‍ പനീര്‍ശെല്‍വം മുന്നോട്ടുവച്ചിരുന്ന നിര്‍ദേശങ്ങളിലൊന്നിതായിരുന്നു. അതേസമയം പോയസ് ഗാര്‍ഡന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ജയ സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.