“കന്നി ഒന്നിന് ശബരിമലയില്‍ പോകാനൊരുങ്ങി ദിലീപ്: ജയിലില്‍ വ്രതമെടുത്ത് നാമജപവും പ്രാര്‍ത്ഥനയും

single-img
17 August 2017

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നും ഉടനെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയോടെ നടന്‍ ദിലീപ്. കേസില്‍ ഈ മാസം തന്നെ ജാമ്യം കിട്ടുമെന്നും പുറത്തിറങ്ങിയാലുടനെ കന്നി ഒന്നിന് ശബരിമല ദര്‍ശനത്തിനായി മല ചവിട്ടാനാവുമെന്നുമാണ് താരത്തിന്റ പ്രതീക്ഷ. ഇതിനായി തികഞ്ഞ വ്രത ശുദ്ധിയോടെയാണ് താരത്തിന്റെ ജയില്‍വാസം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയിലിലായ നിമിഷം മുതല്‍ ദിലീപ് താടി വളര്‍ത്തുന്നതിനെക്കുറിച്ച് മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. കടുത്ത നിരാശ മൂലമാണ് താരം താടി വളര്‍ത്തുന്നതെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. എന്നാല്‍ താടി വളര്‍ത്തുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം താരം തന്നെ തുറന്ന് പറഞ്ഞതോടെയാണ് ദിലീപിന്റെ വ്രതം പുറത്തറിയുന്നത്.

വ്രതത്തില്‍ ആയതു കൊണ്ടു ജയിലധികൃതര്‍ തനിക്ക് ഭക്ഷണ കാര്യത്തിലും ദിനചര്യയിലും ചില പരിഗണനകള്‍ നല്‍കുന്നതായി ദിലീപ് തന്നെ അനുജനോടു പറഞ്ഞു. സസ്യാഹാരം മാത്രമാണിപ്പോള്‍ ദിലീപിന്റെ ഭക്ഷണം. ഇഷ്ടവിഭവങ്ങള്‍ താല്‍പര്യം അനുസരിച്ച് അടുക്കള ഡ്യൂട്ടിക്കാര്‍ പാചകം ചെയ്തു തരുന്നുണ്ടെന്നും രാവിലെത്തെ ഭക്ഷണ കാര്യത്തില്‍ ഇഷ്ടം പറഞ്ഞാല്‍ കഴിയുന്നതാണെങ്കില്‍ അവര്‍ ചെയ്തു തരുന്നുണ്ടെന്നും ദിലീപ് ബന്ധുക്കളോടു വെളിപ്പെടുത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് തനിക്ക് വേണ്ടി മാത്രം വെജിറ്റേറിയന്‍ ഭക്ഷണം തരുന്നുവെന്നും നടന്‍ പറഞ്ഞു. ഉച്ചയ്ക്ക് ഊണും തൈരും മെഴുക്കും അച്ചാറുമാണ് പതിവ്. ചില ദിവസങ്ങളില്‍ മെഴുക്കു മാറി പയര്‍ തോരന്‍ ആകും. രാത്രി കഞ്ഞിയും ചുട്ട പപ്പടവും അച്ചാറും പയര്‍ തോരനും തനിക്കു വേണ്ടി ഒരുക്കുമെന്നും ദിലീപ് അനുജനോടു പറഞ്ഞിട്ടുണ്ട്.

പുലര്‍ച്ചെ ഉണര്‍ന്നാല്‍ ഉടന്‍ മറ്റു തടവുകാരെ പുറത്തിറക്കു മുന്‍പ് പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിനും കുളിക്കാനും അനുവദിക്കും. രാവിലെയും വൈകുന്നേരവും കുളിക്കാനും അധികൃതര്‍ താരത്തിനെ അനുവദിച്ചിട്ടുണ്ട്. വ്രതമായതുകൊണ്ടു തന്നെ നാമജപവും പ്രാര്‍ത്ഥനയും ദിലീപ് മുടങ്ങാതെ നടത്തുന്നുണ്ട്.

അതേസമയം ദിലീപിന് പ്രത്യേക ഭക്ഷണവും സൗകര്യവും അനുവദിക്കുന്നതിനെതിരെ തടവുകാര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ദിലീപിന് അധിക സൗകര്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ ശരിവെയ്ക്കുന്നതാണ് ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.