ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് തകര്‍പ്പന്‍ ജയം

single-img
17 August 2017

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ ഭരണ പ്രദേശങ്ങളിലും വിജയം നേടിയ തൃണമൂല്‍ രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിച്ചു.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ പല കോര്‍പറേഷനുകളിലും അവര്‍ക്ക് വന്‍ പരാജയം നേരിടേണ്ടി വന്നു. തൃണമൂല്‍ 12 വാര്‍ഡുകളുള്ള കൂപ്പേഴ്‌സ് ക്യാമ്പ് കോര്‍പറേഷനിലെ എല്ലാ വാര്‍ഡിലും വിജയക്കൊടി പാറിച്ചു. നല്‍ഹാട്ടിയില്‍ 16 വാര്‍ഡുകളില്‍ 14 ഇടത്തും തൃണമൂല്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്. പന്‍സ്‌കുരയിലെ 18 വാര്‍ഡുകളില്‍ 17 ഉം തൃണമൂല്‍ സ്വന്തമാക്കി. ധൂപ്ഗുരിയിലെ 16 വാര്‍ഡുകളില്‍ 12 ഇടത്തും തൃണമൂലിനാണ് വിജയം. ശേഷിക്കുന്ന നാല് വാര്‍ഡുകള്‍ ബിജെപി നേടി.

ബുനിയാദ്പൂരിലെ 14 വാര്‍ഡുകളില്‍ 13 ഉം തൃണമൂലിനൊപ്പം നിന്നപ്പോള്‍ ബിജെപിയാണ് ശേഷിച്ച വാര്‍ഡില്‍ വിജയിച്ചത്. ഇതിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും വിജയിച്ചത് തൃണമൂല്‍ തന്നെയാണ്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ തൃണമൂലിനും മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കരുത്തുപകരുന്നതാണ്.

ഈ മാസം 13നായിരുന്നു വോട്ടെടുപ്പ്. ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ പന്‍സ്‌കുറ, ഹാല്‍ദിയ, ബീര്‍ഭുമിലെ നല്‍ഹാട്ടി, സൗത്ത് ദിനാജ്പുറിലെ ബുനിയാദ്പുര്‍, ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരി തുടങ്ങിയ മുനിസിപ്പാലിറ്റികളിലേക്കും ദുര്‍ഗാപുര്‍, കൂപ്പര്‍ ക്യാംപ് കോര്‍പ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.