രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടക്കുട്ടികള്‍ പൂര്‍ണ്ണ ആരോഗ്യവതികള്‍; ചരിത്രം കുറിച്ച് രാജഗിരിയിലെ ഡോക്ടര്‍മാര്‍

single-img
17 August 2017

 

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടക്കുട്ടികള്‍ അഞ്ചു മാസത്തെ സങ്കീര്‍ണ്ണ ചികിത്സകള്‍ക്കു ശേഷം ആരോഗ്യം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.കുഞ്ഞുങ്ങള്‍ക്ക് കേവലം 22 ആഴ്ചകള്‍ മാത്രം പ്രായമുള്ളപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിനിയെ അടിയന്തിരഘട്ടത്തില്‍ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഐ.വി.എഫ്. ചികിത്സയിലായിരുന്ന ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് ഗര്‍ഭധാരണം നടന്നത്. അതീവ സങ്കീര്‍ണ്ണമായ ഒരു ഗര്‍ഭാവസ്ഥയായിരിക്കും ഇവര്‍ക്കുണ്ടാവുകയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുട്ടികളുടെ എണ്ണം ഒന്നില്‍ കൂടുതല്‍ ആവുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തു. ഇരുപതാമത്തെ ആഴ്ചയില്‍ ആശുപത്രിയില്‍ നടന്ന പരിശോധനകളില്‍ അമ്മയുടെ ഗര്‍ഭപാത്രം താഴ്ന്ന് വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ അമ്മക്ക് കടുത്ത വേദന ആരംഭിക്കുകയും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാവുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നത് വളരെ കഠിനമേറിയതായിരുന്നു. 24 ആഴ്ചയില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞുങ്ങളെ പുറത്തെടുത്താല്‍ ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളുടെ സഹായത്തോടെ മാത്രമേ കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് യുവതിയെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് അമ്മയുടെ ഉദരത്തില്‍ നിന്നും രണ്ട് കുഞ്ഞുങ്ങളെയും ജീവനോടെ പുറത്തെടുക്കുക എന്ന ദൗത്യത്തില്‍ രാജഗിരിയിലെ ഗൈനക്കോളജിസ്റ്റ് ഡോ വി.പി പൈലിയുടെ നേതൃത്വത്തിലുള്ള സംഘം വിജയിക്കുകയായിരുന്നു. ഈ സമയത്ത് കുഞ്ഞുങ്ങളുടെ ശരീരഭാരം വെറും 438 ഉം 505 ഉം ഗ്രാം മാത്രമായിരുന്നു. തുടര്‍ന്ന് കുഞ്ഞുങ്ങളുടെ പരിചരണം രാജഗിരി ആശുപത്രിയിലെ നീയനറ്റോളജിസ്റ്റ് ഡോ. മധുജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയായിരുന്നു.

കുഞ്ഞുങ്ങള്‍ക്കുണ്ടായേക്കാവുന്ന തലച്ചോറിലെ രക്തസ്രാവം, കുടലിലെ അണുബാധ എന്നിവയെല്ലാം നേരിടുന്നതില്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ നിര്‍ണ്ണായകമായി. ആദ്യത്തെ ഏകദേശം 100 ദിവസങ്ങള്‍ കുഞ്ഞുങ്ങള്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയതും ചികിത്സ തുടര്‍ന്നതും.

നവജാത ശിശുക്കള്‍ക്കായുള്ള പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഐ.സി.യു സംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമൊപ്പം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഇച്ഛാശക്തിയും ചേര്‍ന്നതോടെ ഇരട്ട കുഞ്ഞുങ്ങള്‍ പതിയെ ആരോഗ്യം വീണ്ടെടുക്കുവാന്‍ തുടങ്ങുകയായിരുന്നു.

ഏകദേശം അഞ്ചു മാസത്തെ പരിചരണത്തിനു ശേഷം ബാഹ്യമായ സപ്പോര്‍ട്ടുകളില്ലാതെ ആരോഗ്യത്തോടുകൂടി കുഞ്ഞുങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. നവജാത ശിശുക്കള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള രാജ്യത്തെ തന്നെ ഏറ്റവും മികച്ച ലെവല്‍ 3 സ്റ്റാന്‍ഡേര്‍ഡ് തീവ്രപരിചരണവിഭാഗത്തില്‍ ഡോ. മധു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഡോ. ജിനോ ജോസഫ്, ഡോ അബ്ദുള്‍ തവാബ്, ഡോ ഷിജു തോമസ്, ഡോ ജോണ്‍ തോമസ്, ഡോ ശ്രീദീപ് കെ.എസ്, ഡോ ഉമ മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ഇരുപത്തിയഞ്ചോളം നഴ്‌സുമാരും നടത്തിയ കഠിന പരിശ്രമമാണ് ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത്.