പത്തുവയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

single-img
17 August 2017

ചണ്ഡിഗഡ്: പീഡനത്തിനിരയായ പത്തുവയസ്സുകാരി, പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി സുപ്രീം കോടതി നിഷേധിച്ചതിനെ തുടര്‍ന്ന് പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുന്‍പായിരുന്നു പ്രസവം. കുഞ്ഞിന് 2.1 ഗ്രാം ഭാരമുണ്ട്. കുഞ്ഞിനെ പുറത്തേക്ക് തള്ളുന്നതിനുള്ള ബലം കുട്ടിയുടെ പെല്‍വിക് ബോണുകള്‍ക്കില്ലാത്തതിനാല്‍ സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.

പ്രസവത്തെക്കുറിച്ച് പെണ്‍കുട്ടിക്ക് അറിവുണ്ടായിരുന്നില്ല. വയറ്റില്‍ മുഴയാണെന്നും അത് നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയയെന്നുമാണ് പറഞ്ഞതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ. കുഞ്ഞ് നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (എന്‍ഐസിയു) നിരീക്ഷണത്തിലാണ്. കുഞ്ഞിനെ ദത്തുനല്‍കാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.

നേരത്തെ ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതിക്കായി ആദ്യം കീഴ്‌ക്കോടതിയെയും പിന്നീട് സുപ്രീം കോടതിയയെും സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജൂലായ് 28 നായിരുന്നു പെണ്‍കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചത്.

നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ആവശ്യത്തിനാണ് ചണ്ഡിഗഢില്‍ എത്തിയത്. വയറുവേദനയാണെന്നു പറഞ്ഞ കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിയത്. പിന്നീടാണ് അമ്മാവനില്‍ നിന്നുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത് എന്ന് വ്യക്തമായത്. ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ഇയാള്‍. ഏഴ് മാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.

ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴേക്കും കുട്ടിയുടെ ഗര്‍ഭം 30 ആഴ്ച പിന്നിട്ടിരുന്നു. അതിനാല്‍ അബോര്‍ഷന്‍ നടത്താനും മാര്‍ഗമില്ലായിരുന്നു. പിന്നീടാണ് കോടതിയെ സമീപിച്ചത്.