ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചതായി അമേരിക്ക

single-img
16 August 2017

വാഷിങ്ടണ്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗോരക്ഷാ സംഘങ്ങളുടെ അക്രമം ഇന്ത്യയില്‍ വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. അക്രമ സംഭവങ്ങള്‍ പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരാണെന്നും ഗോ രക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടുവെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ് പുറത്തുവിട്ടത്. ബിജെപി സര്‍ക്കാരിന് കീഴില്‍ തീവ്ര ഹിന്ദു ദേശീയവാദി സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വലിയ രീതിയില്‍ വര്‍ധിച്ചുവെന്നും ഗോരക്ഷകരുടെ ആക്രമണങ്ങളില്‍ ഇരകളാകുന്നവരില്‍ ഏറെയും മുസ്ലിങ്ങളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്ലാം മതത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മുസ്ലിങ്ങളോടൊപ്പം ക്രിസ്ത്യാനികള്‍ക്ക് നേരെയും ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും വന്‍തോതില്‍ നടക്കുന്നുവെന്നും അവരുടെ സ്വത്തുക്കള്‍ വ്യാപകമായി നശിപ്പിക്കപെടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നത്. 2015ല്‍ ഇത് 177 ആണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മതങ്ങളുടെ പേരിലുള്ള കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപം, വിവേചനം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈക്കടത്തല്‍ എന്നിവ വര്‍ധിച്ചുവെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെ തരം തിരിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.