മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകൾ ‘മുക്കിയത്’ ആര് ?

single-img
16 August 2017

 

 

ആലപ്പുഴ: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണാ​താ​യി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 32 നി​ർ​ണാ​യ​ക രേ​ഖ​ക​ളാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്. റി​സോ​ർ​ട്ടി​ന് നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് ഓ​ഫീ​സി​ൽ​നി​ന്നു ക​ട​ത്തി​യ​ത്.

 

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് 2000 ല്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായിട്ടുള്ളത്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്തെങ്കിലും തരത്തിലുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നഗരസഭാ അധ്യക്ഷന്‍ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

 

കയ്യേറ്റ ആരോപണത്തെ തുടർന്ന് റിസോർട്ടിലും പരിസര പ്രദേശങ്ങളിലും ഇന്ന് നഗരസഭാധികൃതർ പരിശോധന നടത്തിയിരുന്നു. മുനിസിപ്പൽ എൻജിനീയറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായായിരുന്നു പരിശോധന. ഇതിന് ശേഷമാണ് ഫയലുകൾ കാണാതായത് അറിയുന്നത്.

 

തന്റെ റിസോർട്ടിലേക്ക് പോകാൻ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിർമ്മിച്ചെന്നും കായൽ നികത്തിയെന്നുമുള്ള വാർത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. മാർത്താണ്ഡം കായലിൽ മിച്ചഭൂമിയായി കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ചുനൽകിയ ഏക്കർ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

അതേസമയം, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സെന്റ് ഭൂമി പോലും കൈയേറിട്ടിയില്ലെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ചാനലിൽ വന്ന വാർത്ത കണ്ടവരാണ് തനിക്കെതിരെ ആക്ഷേപവുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.