ക്രിക്കറ്റ് ബോള്‍ തലയില്‍ക്കൊണ്ട് പാകിസ്താന്‍ താരത്തിന് ദാരുണാന്ത്യം

single-img
16 August 2017

ശ്രീനഗര്‍: ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് ഒരു ദുരന്ത വാര്‍ത്ത കൂടി. കളിക്കിടെ ക്രിക്കറ്റ് ബാള്‍ തലയില്‍ക്കൊണ്ട് പാകിസ്താന്‍ ക്രിക്കറ്റ് താരം സുബൈര്‍ അഹമ്മദാണ് മരിച്ചത്. പാകിസ്താന്‍ സ്വാതന്ത്ര്യദിനത്തില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുന്നതിനിടെ ബൗണ്‍സ് ചെയ്‌തെത്തിയ ബാള്‍ തലയില്‍ കൊള്ളുകയായിരുന്നു.

പരിക്കേറ്റ താരം തൊട്ടുപിന്നാലെ തന്നെ മരിച്ചു. പാക് ടീമിനൊപ്പം നാല് ഏകദിനത്തിലും ട്വന്റി-20 മത്സരത്തിലും കളിച്ച താരമാണ് സുബൈര്‍. സുബൈറിന്റെ ചിത്രത്തിനൊപ്പം അടിക്കുറിപ്പോടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സുബൈര്‍ അഹമ്മദിന്റെ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

സുബൈര്‍ അഹമ്മദിന്റെ ദാരുണ അന്ത്യം കളിക്കിടെ സുരക്ഷിതത്വം വേണമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് കളിക്കിടെ പരുക്കേറ്റ് മരിച്ചിരുന്നു. ബൗണ്‍സര്‍ തലയില്‍ കൊണ്ടായിരുന്നു ഹ്യൂസിന്റെയും അന്ത്യം.