കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

single-img
16 August 2017

തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് പരിശോധനാ നടപടികള്‍ കര്‍ശനമാക്കിയതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യൂസഫ് അല്‍ ഫൗസാന്‍ പറഞ്ഞു.

യാത്രക്കാരെയും ബാഗേജുകളും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എയര്‍പോര്‍ട്ടിലെത്തുന്ന ഓരോ യാത്രക്കാരനെയും വിശദമായി പരിശോധിച്ച ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. ബാഗേജുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട് .

ടേക്ക് ഓഫ് സമയത്തിനു ഒരു മണിക്കൂര്‍ മുന്‍പ് യാതൊരു കാരണവശാലും യാത്രക്കാരെ വിമാനത്തിനകത്തേക്കു പ്രവേശിപ്പിക്കരുതെന്നു വ്യോമയാന വകുപ്പ് വിമാനകമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തിനും ബ്രിട്ടീഷ് ആസ്ഥാനമായ സെക്യൂരിറ്റി കമ്പനിക്കുമാണ് സുരക്ഷാസംവിധാനങ്ങളുടെ ചുമതല. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതു മൂലം വിമാനത്താവളത്തിലെ ജനത്തിരക്ക് വര്‍ധിച്ചതിനാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്തു സ്വദേശികളും വിദേശികളുമായ എല്ലാ യാത്രക്കാരും സഹകരിക്കണമെന്നും യൂസഫ് അല്‍ ഫൗസാന്‍ കൂട്ടിച്ചേര്‍ത്തു.