കണ്ണൂരില്‍ പീഡനശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി: പ്രതി പിടിയില്‍

single-img
16 August 2017

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങാത്തൂരില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. മത്തിപ്പറമ്പ് സ്വദേശി അന്‍സാറാണ് സംഭവത്തില്‍ അറസ്റ്റിലായത്. പള്ളിക്കുനി ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യ റീജയെയാണ് ഇന്നലെ വീട്ടിനടുത്ത അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 250 മീറ്റര്‍ അകലെ വെള്ളച്ചാലില്‍ പുതഞ്ഞ നിലയില്‍ റീജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വസ്ത്രങ്ങള്‍ കീറിയതിനൊപ്പം ശരീരത്ത് പരിക്കുകളും ഉണ്ടായിരുന്നു. കൈകള്‍ മാത്രം പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്തെത്തിയ പൊലീസ് കൊലപാതകമാണെന്ന നിഗമനത്തില്‍ തന്നെയാണ് മുന്നോട്ട് നീങ്ങിയത്. ഇന്‍ക്വസ്്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണത്തിലേക്ക് നയിച്ച പരിക്കുകള്‍ കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍സാരിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളില്‍ നിന്ന് റീജയുടെ ആഭരണം പൊലീസ് കണ്ടെടുത്തു. മുന്‍പ് ഇയാള്‍ റീജയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ മുന്‍വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്നും പരിശോധിക്കുന്നുണ്ട്.