കേരളത്തില്‍ ബ്ലൂ വെയ്ല്‍ ഗെയിം ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം

single-img
16 August 2017

തിരുവനന്തപുരം: കേരളത്തില്‍ ബ്ലൂ വെയ്ല്‍ ഗെയിം ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം. ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളില്‍ പരിശോധന നടക്കുകയാണ്. കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരിക്കാനായിട്ടില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് വളരെ കാര്യക്ഷമമായി ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ അതിന്റെ ഒരു ലിങ്ക് പോലും കാണാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയും നിരീക്ഷിക്കും. ഇതുമായി ബന്ധപ്പെട്ടുളള സൈബര്‍ ബോധവല്‍ക്കരണം നടത്താന്‍ പോലീസ് നടപടി സ്വീകരിക്കും. മുന്‍ കരുതലുകള്‍ എടുക്കേണ്ടത് രക്ഷകര്‍ത്താക്കളാണെന്നും ഐജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ മകന്‍ മരിച്ചത് ബ്ലുവെയില്‍ ഗെയിം മൂലമാണെന്ന് സംശയിക്കുന്നതായി തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ അമ്മ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മനോജ് എബ്രഹാമിന്റെ മറുപടി.