ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

single-img
16 August 2017

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. റിട്ട. സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും എന്‍.ഐ.എ അന്വേഷണം നടത്തുക. അന്തിമ വാദത്തിന് മുമ്പ് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയെ കോടതി മുമ്പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ വ്യക്തമാക്കി.

കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്‍ഐഎ അന്വേഷണത്തെ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എതിര്‍ത്തില്ല. ഹാദിയ കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സുപ്രീംകോടതി കേരള പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഹിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയില്‍ എന്‍ഐഎ അന്വേഷണമായിരിക്കും അഭികാമ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 10ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സിബിഐ അല്ലെങ്കില്‍ എന്‍ഐഎ അന്വേഷണം കേസില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഷഫിന്‍ ജഹാന് ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന് പിതാവിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി ആരോപിച്ചിരുന്നു.

മെയ് 24 നാണ് ഹാദിയയും ഷഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന് പേരുസ്വീകരിക്കുകയും ഷഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു.

മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.