മുഖ്യമന്ത്രിയുടെ ഭാര്യ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പന ചുമതല പോലീസുകാര്‍ക്ക്; വിവാദം കത്തുന്നു

single-img
16 August 2017

മുംബൈ: മുഖ്യമന്ത്രിയുടെ ഭാര്യ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റ് വില്‍പന ചുമതല പോലീസുകാര്‍ക്ക് നല്‍കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് പങ്കെടുക്കുന്ന സംഗീത പരിപാടിയുടെ ടിക്കറ്റ് വില്‍പനയ്ക്കാണ് പൊലീസുകാരെ നിയോഗിച്ചത്.

മുന്‍മന്ത്രി കമല്‍കിഷോര്‍ കദമിന്റെ നേതൃത്വത്തിലുള്ള മഹാത്മ ഗാന്ധി മിഷനും ഔറംഗാബാദ് പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി ‘രജനി’യുടെ ഗുഡ് വില്‍ അംബാസിഡറാണ് മുഖ്യമന്ത്രിയുടെ ഭാര്യ. ഈ പരിപാടിയുടെ ടിക്കറ്റ് വില്‍ക്കുന്നതിനായി 15 സ്റ്റേഷനുകളിലെ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഔറംഗാബാദ് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമൃത ഫഡ്‌നാവിസും ഏതാനും ഗാനങ്ങള്‍ ആലപിക്കാന്‍ സാധ്യതയുള്ള ഈ പരിപാടിയല്‍ 51,000 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 400 പേര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പ്രവേശനം അനുവദിക്കുക. പോലീസുകാരെ കൊണ്ട് നിര്‍ബന്ധിച്ച് ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പന നടത്തിക്കുന്നുവെന്നാണ് ആരോപണം.

സംഭവത്തെ കുറിച്ച് ഔറംഗാബാദ് പോലീസ് കമ്മീഷണര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് 51,000 രൂപയുടെ ടിക്കറ്റ് വിറ്റതെന്നും, ടിക്കറ്റ് ക്രിമിനലുകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു്.