അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ: ‘സത്യസന്ധമായി അന്വേഷിച്ചാല്‍ ദിലീപിനെതിരെ കേസ് ചുമത്താനാകില്ല’

single-img
16 August 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് സരോജം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാ കാലവും തീരാകളങ്കമായി നിലനില്‍ക്കും. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കത്തില്‍ സരോജം ആവശ്യപ്പെടുന്നു.

ഏപ്രിലില്‍ മറ്റ് പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന് കടകവിരുദ്ധമാണ് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം. മുന്‍വിധികളുടെയും സ്ഥാപിത താത്പര്യങ്ങളുടെയും ഇരയാണ് തന്റെ മകനെന്നും കത്തില്‍ ദിലീപിന്റെ അമ്മ പറയുന്നു. കഴിഞ്ഞദിവസം ലഭിച്ച കത്ത് മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു.