മുന്‍ അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ എംകെ ദാമോദരന്‍ അന്തരിച്ചു

single-img
16 August 2017

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ എംകെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് രണ്ടേകാലോടെയാണ് അന്ത്യമുണ്ടായത്. മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നുരാവിലെ അസുഖം മൂര്‍ച്ഛിക്കുകയും ഉച്ചയ്ക്ക് രണ്ടേകാലോടെ മരണം സംഭവിക്കുകയുമായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ദാമോദരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. കണ്ണൂരിലായിരിക്കും സംസ്‌കാരം.

ഇകെ നായനാര്‍ മൂന്നാം വട്ടം മുഖ്യമന്ത്രിയായിരുന്ന 1996-2001 കാലഘട്ടത്തിലാണ് അഡ്വക്കേറ്റ് ജനറലായി ദാമോദരന്‍ പ്രവര്‍ത്തിച്ചത്. ഇടതു സഹയാത്രികനായ ദാമോദരന്‍ ഇടതുപക്ഷനേതാക്കളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ എംകെ ദാമോദരനായിരുന്നു. പിന്നീട് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തെ, സര്‍ക്കാരിന്റെ നിയമോപദേശകനായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ വാദിയായി വന്ന കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ദാമോദരന്‍ ഹാജരായതോടെയാണ് വിവാദമുണ്ടായത്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരന് വേണ്ടിയും അദ്ദേഹം ഹൈക്കോടതിയില്‍ ഹാജരായി. സര്‍ക്കാര്‍ വാദിയായ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ആള്‍ തന്നെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന പദവി വഹിക്കുന്നത് പ്രതിപക്ഷം ചോദ്യം ചെയ്തതോടെ അദ്ദേഹം സ്ഥാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

1963ല്‍ എറണാകുളം ഗവ. ലാ കോളേജില്‍ നിന്നു നിയമബിരുദം നേടിയ ദാമോദരന്‍ 1964 ല്‍ പ്രാക്ടീസ് ആരംഭിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആയിരിക്കെ വിവാദം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസ്, സൂര്യനെല്ലി കേസ് എന്നിവയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി.

1964മുതല്‍ 1977 വരെ തലശേരിയില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തു. 1976 -78ല്‍ അടിയന്തരാവസ്ഥക്കാലത്ത് എട്ട് മാസം ജയില്‍വാസം അനുഭവിച്ചു. 1979 മുതല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. സി.പി.എം അംഗമല്ലാത്ത ദാമോദരന് ആദ്യകാലത്ത് സി.പി.ഐയുമായിട്ടായിരുന്നു ബന്ധം. 1956 ല്‍ എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.