ലഡാക്കിൽ കടന്നു കയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യൻസേന തകർത്തു

single-img
16 August 2017

ന്യൂഡല്‍ഹി: നിയന്ത്രണ രേഖ ലംഘിച്ച് ലഡാക്കില്‍ കടന്ന് കയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. നിയന്ത്രണ രേഖയ്ക്ക് സമീപത്ത പെന്‍ഗോങ് മേഖലയിലാണ് ചൈനീസ് സൈന്യം കടന്ന് കയറാന്‍ ശ്രമിച്ചത്.

ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതിൽ തീർത്താണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. ഇതേതുടർന്ന് ചൈനീസ് സൈനികർ, ഇന്ത്യയുടെ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇന്ത്യയും അതേനാണയത്തിൽ തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ട്. ഇരുഭാഗത്തുമുള്ളവർക്ക് നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. പിന്നീട്, ഇരുവിഭാഗവും ബാനർ ഡ്രിൽ നടത്തി പഴയ സ്ഥാനത്തേക്ക് തിരികെ പോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ സൈന്യം കനത്ത ജാഗ്രതയിലാണ്.

ഇന്ത്യന്‍ ഭാഗത്തെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നീ മേഖലയിലേക്ക് ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനും ഇടയ്ക്ക് രണ്ട് തവണ അനധികൃതമായി പീപ്പില്‍ ലിബറേഷന്‍ ആര്‍മി പട്ടാളക്കാര്‍ കടന്ന് കയറാന്‍ ശ്രമിച്ചതായതാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ദോക് ലായെ ചൊല്ലി ജൂൺ 16ന് ആണ് ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം വീണ്ടും സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്‌ഷനിലാണ് ഇപ്പോൾ പ്രശ്നം. ദോക് ലായിൽ ചൈന റോഡു നിർമിക്കാൻ തീരുമാനിച്ചതായിരുന്നു കാരണം.

അതിർത്തിയിലെ തൽസ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാൽ, ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. സംഘർഷത്തെ തുടർന്ന് ഇരു സൈനിക വിഭാഗവും അതിർത്തിയിൽ സാന്നിധ്യം വർധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.