ബെംഗളൂരുവില്‍ ഒറ്റരാത്രി പെയ്തത് 127 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ

single-img
16 August 2017

ബെംഗളൂരു: ഒറ്റരാത്രി കൊണ്ട് നിറഞ്ഞു പെയ്ത മഴയില്‍ മുങ്ങി ബെംഗളൂരു നഗരം. ചൊവ്വാഴ്ച്ച രാത്രി പെയ്ത ശക്തമായ മഴയെ അതിജീവിക്കാനാവാതെ നഗരം തീര്‍ത്തും നിശ്ചലമാവുന്ന കാഴ്ചയായിരുന്നു എങ്ങും. ഒറ്റരാത്രി കൊണ്ട് 14.4സെ.മി മഴയാണ് ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത്. 1890നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴയാണിത്.

തെക്കന്‍ ബെംഗളൂരുവിനെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്. കോറമംഗല, കെആര്‍പുരം, എയര്‍പോര്‍ട്ട് റോഡ്, എച്ച്എസ്ആര്‍ ലേഔട്ട്, ബിടിഎം ലേ ഔട്ട്, ഉള്‍സൂര്‍, വിവേക് നഗര്‍, ശാന്തി നഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി വെള്ളക്കെട്ടിലായി ഒറ്റപ്പെട്ടു.

രാത്രിയില്‍ റോഡരികിലും നിരത്തിലുമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ കാഴ്ച്ചയായിരുന്നു പലയിടങ്ങളിലും. റോഡുകളെല്ലാം വെള്ളക്കെട്ടുകളായി.

മഴ ലഭ്യത താരതമ്യേന കുറവുള്ള സ്ഥലങ്ങളായതിനാല്‍ വേണ്ടത്ര ഓവുചാലുകള്‍ ഇല്ലാതിരുന്നത് റോഡുകളെ വെള്ളക്കെട്ടുകളാക്കി. ഉണ്ടായിരുന്ന ഓവുചാലുകളെല്ലാം മാലിന്യം നിറഞ്ഞതിനാല്‍ ഒരു രാത്രിയില്‍ പെയ്ത മഴയെപോലും അതിജീവിക്കാനാവാതെ നഗരം പകച്ചു. കടുത്ത മലിനീകരണത്തെ തുടര്‍ന്ന് പതയുളള വെള്ളം ഒഴുകുന്ന ബെല്ലന്ദൂര്‍ തടാകം കവിഞ്ഞൊഴുകി.

മഴവെള്ളം ഒഴുകി പ്പോവാന്‍ ഓവുചാല്‍ നിര്‍മ്മിക്കാന്‍ 800 കോടി വകയിരുത്തിയൈന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷെ പലയിടങ്ങളിലും മന്ദഗതിയിലാണ് പണി നീങ്ങുന്നതെന്ന ആക്ഷേപം വ്യാപകമാണ്.