‘2006ല്‍ കൊലയാളി ഗെയിം തന്റെ മകനെ വരിഞ്ഞു മുറുക്കി’: ഈ അമ്മയുടെ രോധനം നിങ്ങള്‍ അറിയണം

single-img
16 August 2017

 

തിരുവനന്തപുരം: ബ്ലൂവെയില്‍ മരണം കേരളത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയിമുകള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ഇരകള്‍ ഉള്ളതായി സൂചന. ഇത്തരം കൊലയാളി ഗെയിമുകള്‍ ആദ്യത്തെ സംഭവമല്ലെന്നും തന്റെ മകന്റെ ആത്മഹത്യക്ക് പിന്നിലും ഇത്തരമൊരു കൊലയാളി ഗെയിമാണെന്നും വെളിപ്പെടുത്തി ഒരു അമ്മ കൂടി രംഗത്തെത്തി.

ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ കൗമാരക്കാരുടെ ജീവന്‍ കവര്‍ന്ന ബ്ലൂവെയില്‍ എന്ന ഈ കൊലയാളി ഗെയിം കേരളത്തിലും വ്യാപകമാവുന്നു എന്ന വാര്‍ത്ത എത്തിയ സാഹചര്യത്തിലാണ് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ തിരുവനന്തപുരം സ്വദേശിനി സരോജത്തിന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ മകനെ വരിഞ്ഞു മുറുക്കിയ ഗെയിമിനെ കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ബ്ലൂവെയില്‍ പോലുള്ള കൊലയാളി ഗെയിമുകള്‍ പുതിയ കഥയല്ലെന്നും 2006 ല്‍ ഉണ്ടായ സമാനമായൊരു സംഭവത്തില്‍ നീറിനീറിക്കഴിയുന്ന ഒരമ്മയാണ് താനെന്നും അവര്‍ വ്യക്തമാക്കുന്നു. 2006 ജൂലൈ 16നാണ് ഗെയിമിന് അടിപ്പെട്ട് തന്റെ മകന്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതെന്നും ആറാം തവണയാണ് മകന്റെ ആത്മഹത്യാശ്രമം വിജയം കണ്ടതെന്നും കുറിപ്പില്‍ പറയുന്നു.

ഒരിക്കല്‍ രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട ശേഷം മകന്‍ തന്നെയാണ് ഗെയിമിനെ കുറിച്ച് വെളിപ്പെടുത്തിയത്. കന്വ്യൂട്ടറില്‍ മുഴുവന്‍ ആത്മഹത്യ ചെയ്ത സെലിബ്രേറ്റികളുടെ ചിത്രങ്ങളായിരുന്നു. ശരീരത്തില്‍ ചോരപൊടിയുന്ന തരത്തില്‍ നിരന്തരം കുത്തിവരയ്ക്കുമായിരുന്നു. ഇനി അങ്ങനെയൊന്നും ചെയ്യില്ലെന്ന് എനിക്ക് വാക്ക് തന്നതാണ്. പക്ഷെ ഗെയിം അഡ്മിന്റെ പ്രേരണയെ അതിജീവിക്കാന്‍ കഴിയാതെ തെളിവുകളെല്ലാം ഡിലീറ്റ് ചെയ്ത് അവന്‍ വിടപറഞ്ഞതായും അമ്മ സരോജം വേദനയോടെ പറയുന്നു.

സംഭവത്തിന് ശേഷം ഇത് തുറന്നു പറയണമെന്ന് കരുതിയിരുന്നെങ്കിലും കൂടുതല്‍ കുട്ടികള്‍ ഈ ഗെയിമിനെ കുറിച്ച് മനസിലാക്കരുതെന്ന് കരുതിയാണ് ചെയ്യാതിരുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. മകന്‍ വിട്ടുപോയ ദു:ഖത്തില്‍ 2006ല്‍ എഴുതിയ കവിതയോടെയാണ് ഈ അമ്മയുടെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കൂട്ടുകാരേ Blue Whale പോലുള്ള Suicide Games ഒരു പുതിയ കാര്യമല്ല. 2006 ജൂലൈ 16 നുണ്ടായ സമാനമായൊരു സംഭവത്തില്‍ നീറിനീറിക്കഴിയുന്ന ഒരമ്മയാണ് ഞാന്‍. അവന്റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു. ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്‍! ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം അവന്‍ തന്നെയാണ് ഗയിമിനെപ്പറ്റി എനിക്ക് പറഞ്ഞുതന്നത്.

അവന്റെ കമ്പ്യൂട്ടര്‍ desktop നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു! ശരീരത്തില്‍ ചോരപൊടിയുന്ന കുത്തിവരയ്ക്കലുകളും. ഇനി അങ്ങനെ ചെയ്യില്ലെന്ന്! ഉറപ്പു തന്നതുമാണ് . എന്നിട്ടും adminsന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം delete ചെയ്തിട്ട് അവന്‍ പോയി. തല വഴി കഴുത്തുവരെ മൂടിയ പ്ലാസ്റ്റിക് കവര്‍ തെളിവായി പോലീസുകാരാരോ എടുത്തുകൊണ്ടുപോയി. ഇക്കാര്യങ്ങള്‍ പുറം ലോകത്തോട് വിളിച്ചുപറയണമെന്നു ഒരായിരംവട്ടം ഒരുങ്ങിയതാണ്. പക്ഷേ അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത എന്നെ പിന്തിരിപ്പിക്കുകയായിരുന്നു . ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്റെ സ്വസ്ഥത കെടുത്തുന്നു. ആകെ തളരുന്നു……

2006ല്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ് ചെയ്യുന്നു
(ഇത് 2012ല്‍ പ്രസിദ്ധീകരിച്ച ‘അച്ചുതണ്ടിലെ യാത്ര’ എന്ന കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാകുന്നു)

ഉണ്ണികള്‍ പോകുന്നതെങ്ങോട്ട് ?
ഇന്റര്‍നെറ്റില്‍ കയറിപ്പറ്റി
വെബ്ബുകളെല്ലാം തപ്പിനടന്ന്
കണ്ടുപിടിച്ചൊരു മായാലോകം
സുന്ദരസൗഹൃദ സുരലോകം.
ഉള്ളില്‍ കയറിച്ചെന്നപ്പോള്‍
ജാലിക കാട്ടി മറ്റൊരുലോകം;
ഇഷ്ടംപോലെ രമിച്ചീടാന്‍
കൂട്ടുവിളിക്കും കാമുകലോകം.
ഇമെയിലായി, ചാറ്റിംഗായി
നേരമ്പോക്കുകള്‍ പലതായി
കൂടിക്കാഴിചകളരിയ സുഖങ്ങള്‍
ജീവിതമെന്തൊരു ലഹരി!
ആഴ്ചവട്ടം കഴിയുംമുമ്പേ
കാഴ്ചകളെല്ലാം മങ്ങിപ്പോയി!
വെബ്ബുകള്‍തോറും തപ്പിനടക്കേ
ജാലികകാട്ടി മറ്റൊരുലോകം;
ഇഷ്ടംപോലെ മരിച്ചീടാന്‍
മാര്‍ഗ്ഗം കാട്ടും യമലോകം
കണ്ടുഭ്രമിച്ചവനുണ്ണി പറഞ്ഞു:
വേദനയില്ലാ മരണം വേണം.
കറുത്ത ചില്ലാല്‍ കണ്ണുമറച്ച്
വെളുത്ത വസ്ത്രം കാറ്റില്‍പാറി
മുന്നിലതാര്? മര്‍ലിന്‍ മണ്‍റോ?
വരുന്നു പൊന്നേ ഞാനുംകൂടി………
2006