ഗോരഖ്പൂര്‍ ദുരന്തം; യോഗിയ്ക്കു സുരക്ഷയൊരുക്കുന്ന തിരക്കില്‍ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളെ അവഗണിച്ചെന്ന് ആക്ഷേപം

single-img
15 August 2017

ഉത്തര്‍പ്രദേശ്: ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച ദാരുണ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പൊട്ടിത്തെറിച്ച് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനായുള്ള സുരക്ഷയൊരുക്കുന്ന തിരക്കില്‍ ഐസിയുവില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ലെന്നാണ് ആരോപണം.

മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാന്‍ ബൂട്ടിട്ട് തോക്കേന്തിയ പൊലീസുകാര്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞവരെ പാര്‍പ്പിച്ചിരുന്ന വാര്‍ഡുകളിലൂടെയാണ് അങ്ങോട്ടുമിങ്ങോട്ടും നടന്നത്. അപകടനിലയിലായിരുന്ന കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ഡോക്ടര്‍മാരെ ഐസിയുവിലേക്കു കടത്തി വിട്ടിരുന്നില്ലെന്നും ദുരന്തത്തിനിരയായ കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു.

അതേസമയം, ഗോരഖ്പുര്‍ ദുരന്തത്തെ ലഘൂകരിച്ച് ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ ഡോ. പി.കെ. സിങ് രംഗത്തെത്തി. ഓരോ കാലത്തും ഇങ്ങനെ മരണം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവില്‍ ശിശുമരണനിരക്ക് ഉയര്‍ന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓക്‌സിജന്‍ വിതരണത്തിലെ അപാകതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

അതിനിടെ, ഓക്സിജന്‍ ലഭിക്കാതെ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥയാണു ദുരന്തത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന്‍, നാലാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.