വിനായകനെ മര്‍ദ്ദിച്ചില്ലെന്ന പൊലീസ് വാദം പൊളിയുന്നു; നെഞ്ചിലും തലയിലും ചതവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി

single-img
15 August 2017

തൃശൂർ: തൃശൂരിലെ ദളിത് യുവാവ് വിനായകനു നേരെ പൊലീസ് മര്‍ദ്ദനമുണ്ടായെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്ന മൊഴിയുമായി ഡോക്ടര്‍മാരും .വിനായകന്റെ മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ദേഹത്ത് രണ്ടു ചതവുകളുണ്ടായതായി ഡോക്ടര്‍മാര്‍ മൊഴി നല്‍കി. നെഞ്ചിലും തലയിലുമാണ് ചതവുകള്‍ കണ്ടെത്തിയത്. നെഞ്ചില്‍ ബലം പ്രയോഗിച്ച് മര്‍ദ്ദിച്ചതിന്റെ ചതവുകളാണ് കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ ക്രൈം ബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കി.

ഫോറന്‍സിക് സര്‍ജന്മാരായ ഡോ. രാഗിനും ഡോ. ബല്‍റാമുമാണ് ഇന്ന് മൊഴി രേഖപ്പെടുത്തിയത്. പൊലീസ് മര്‍ദ്ദനം മൂലമാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് ഡോക്ടര്‍മാരുടെ മൊഴി.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ബല്‍റാമില്‍ നിന്ന് വലപ്പാട് പൊലീസും, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രാഗിനില്‍ നിന്ന് ക്രൈം ബ്രാഞ്ചുമാണ് മൊഴിയെടുത്തിയത്. മരണത്തിന് 24 മണിക്കൂര്‍ മുന്‍പുള്ള മുറിവുകളെക്കുറിച്ചാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

കേസില്‍ തിങ്കളാഴ്ച്ച പാവറട്ടി സ്റ്റേഷനിലുളള എസ്‌ഐ ഉള്‍പ്പെടെയുളള അഞ്ചുപൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദിച്ചിട്ടില്ലെന്നും സംഭവസമയത്ത് താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നാണ് എസ്‌ഐ നല്‍കിയ വിശദീകരണം.