ദിലീപ് നിരപരാധി, താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ്; തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും പിന്നോട്ടില്ല

single-img
15 August 2017

കോട്ടയം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പിസി ജോര്‍ജ്. തനിക്കെതിരെ കത്തല്ല എന്ത് കുന്തം കൊടുത്താലും പിന്നോട്ടില്ല. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞെന്നും അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ. വനിതാ കമ്മീഷന്റെ തലപ്പത്തും യോഗ്യതയുളളവര്‍ വരണം. പരാതിയെ ഭയപ്പെടുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

നടി ആക്രമിച്ചവരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങി നല്‍കണം. ഇതില്‍ ആര്‍ക്കാണ് തര്‍ക്കമെന്ന് അദ്ദേഹം ചോദിച്ചു. കേസില്‍ ദിലീപ് നിരപരാധിയാണെന്നും അയാളെ കുടുക്കിയതാണെന്നുമുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. പോലീസ് ഇപ്പോള്‍ നടത്തുന്നത് കള്ള അന്വേഷണമാണ്. കേസ് അന്വേഷണത്തിന് മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഴിയെപോകുന്നവരെ എല്ലാം പ്രതിയാക്കുന്ന പരിപാടിയാണ് പോലീസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. താന്‍ പറഞ്ഞതെല്ലാം സത്യമാണ്. സര്‍ക്കാരല്ല, പട്ടാളം വന്നാലും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജ് എംഎല്‍എ നടത്തിക്കൊണ്ടിരിക്കുന്ന അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിസി ജോര്‍ജിന്റെ അധിക്ഷേപങ്ങള്‍ കേസിനെ ബാധിക്കുമെന്ന് ആശങ്ക രേഖപ്പെടുത്തിയായിരുന്നു കത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവാണ് കത്ത് പുറത്തുവിട്ടത്.