തമിഴ്നാട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തില്‍ കമല്‍ഹാസന്റെ ട്വീറ്റ്

single-img
15 August 2017

ചെന്നൈ: എഐഎഡിഎംകെ സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന കമല്‍ഹാസന്‍ രാഷ്ട്രീയ സൂചന നല്‍കുന്നതായി രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍ വന്നതിനു പിന്നാലെ ഇപ്പോഴിതാ രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ കമല്‍ഹാസന്റെ സമാനസ്വഭാവമുള്ള ട്വീറ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പളനിസ്വാമി സര്‍ക്കാരിലെ അഴിമതിയെക്കുറിച്ച് പറഞ്ഞാണ് ഇത്തവണയും തുടക്കം. തന്റെ സര്‍ക്കാരിനുകീഴില്‍ അഴിമതി വ്യാപകമാകുമ്പോള്‍ ഒരു മുഖ്യമന്ത്രി രാജിവെക്കണമെന്നും എന്തുകൊണ്ടാണ് മറ്റ് പാര്‍ട്ടികള്‍ പളനിസ്വാമിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ഇവിടെ ചോദിക്കുന്നു.

ട്വീറ്റ്- ‘തന്റെ സര്‍ക്കാരിന് കീഴില്‍ അഴിമതി നടക്കുമ്പോള്‍ ഒരു മുഖ്യമന്ത്രി രാജിവെക്കണം. എന്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും അത് ആവശ്യപ്പെടാത്തത്? മെച്ചപ്പെട്ട തമിഴ്നാടാണ് എന്റെ ലക്ഷ്യം. ആര്‍ക്കാണ് എന്റെ ശബ്ദം ശക്തിപ്പെടുത്താനുള്ള ധൈര്യം? ഡിഎംകെയും എഐഎഡിഎംകെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ജനതയെ സഹായിക്കേണ്ട ഉപകരണങ്ങളാണ്. അവ പ്രയോജനരഹിതങ്ങളായെങ്കില്‍ മറ്റ് വഴികള്‍ നോക്കുക. ഇപ്പോഴും നമ്മള്‍ അടിമകളാണ്, അഴിമതിയില്‍ നിന്ന് മോചിതരാകുംവരെ. ഒരു പുതിയ സ്വാതന്ത്ര്യസമരത്തിനായി കാത്തിരിക്കുക. ആ സമരം നമ്മള്‍ ജയിച്ചിരിക്കും.’

പളനിസ്വാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്ന് കമല്‍ അഭിപ്രായപ്പെട്ടത് ഒരുമാസം മുന്‍പാണ്. പിന്നീട് പലപ്പോഴും രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള സൂചനകളെന്ന് തോന്നുന്ന തരത്തില്‍ കമലിന്റെ ട്വീറ്റുകള്‍ വന്നിരുന്നു.