ഗോരഖ്പൂരില്‍ 74 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓര്‍മ്മയാണ് ഇന്നത്തെ സ്വാതന്ത്ര്യദിനം ജോയ് മാത്യു

single-img
15 August 2017

തിരുവനന്തപുരം: ഗോരഖ്പൂരിലെ ആശുപത്രിയില്‍ 74 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓര്‍മ്മയാണ് ഇന്നത്തെ സ്വാതന്ത്ര്യദിനമെന്ന് ചലച്ചിത്ര താരം ജോയ് മാത്യു. ദയവായി ഈ സ്വാതന്ത്ര്യദിനത്തില്‍ തനിക്ക് ആശംസ സന്ദേശങ്ങള്‍ അയച്ച് ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

പശുവിനെച്ചൊല്ലി നിസഹായരായ ഗ്രാമീണരെ കാടന്‍ നീതികളാല്‍ തല്ലിക്കൊല്ലുന്ന, ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന, ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍ നടപ്പാക്കുന്ന ഒരു രാജ്യത്ത് സ്വാതന്ത്ര്യം എന്നത് മൂന്നുവര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് നല്‍കുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന നിരക്ഷരരുടേയും ദരിദ്രരുടേയും രാജ്യം എഴുപതു വര്‍ഷം കൊണ്ട് എന്താണു നേടിയതെന്നും ജോയ് മാത്യു ചോദിക്കുന്നു.

ഇന്നു കുഞ്ഞുങ്ങളാണു ഓക്‌സിജന്‍ കിട്ടാതെ മരിച്ചതെങ്കില്‍ വരും ദിവസങ്ങളില്‍ ഈ രാജ്യം തന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും അധികാരികളും അണികളും ഒരക്ഷരം ശബ്ദിക്കാതെ സ്വാതന്ത്ര്യദിന കച്ചേരി നടത്തുമെന്നും ജോയ് മാത്യു പറയുന്നു. അവര്‍ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുവാനും സംശങ്ങള്‍ പ്രകടിപ്പിക്കുവാനും മനസുകൊണ്ടെങ്കിലും നമുക്ക് കഴിയണമെന്നും ത്രിവര്‍ണ്ണ കടലാസ് നെഞ്ചില്‍ തറക്കുവാനുള്ള ഒരു സൂചിയെങ്കിലും ആകുവാന്‍ നമുക്ക് സാധിച്ചാല്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള ആദരവായിരിക്കുമെന്നും ജോയ് മാത്യു പറയുന്നു.