കൊലയാളി ഗെയിം കേരളത്തിലും; തിരുവനന്തപുരത്ത് പതിനാറുകാരന്‍ മരിച്ചത് ബ്ലൂവെയ്ല്‍ കളിച്ചെന്ന് അമ്മ

single-img
15 August 2017

തിരുവനന്തപുരം: ലോകത്തെ നടക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇര കേരളത്തിലും. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തി. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതം തന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബര്‍ പൊലീസ് ഇത് പരിശോധിക്കുകയാണ്.

ഒന്‍പത് മാസങ്ങള്‍ക്കു മുമ്പ് മനോജ് ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അമ്മ പറഞ്ഞു. ഒന്‍പത് മാസത്തിനിടയില്‍ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂവെയില്‍ ടാസ്‌കുകള്‍ക്ക് സമാനമായിരുന്നുവെന്നുവെന്നും അവര്‍ പറഞ്ഞു.

ഒറ്റയ്ക്ക് എവിടെയും പോകാതിരുന്ന മകന്‍ കടല്‍ കാണാന്‍ പോയി. കയ്യില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ കോറി. നീന്തല്‍പോലും അറിയാത്തവന്‍ പുഴയില്‍ ചാടിയെന്നും രാത്രി സമയത്ത് സെമിത്തേരിയില്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് പതിവായിരുന്നുവെന്നും അമ്മ പറഞ്ഞു