സിയേറ ലിയോണില്‍ പേമാരിയും മണ്ണിടിച്ചിലും: 300ലേറെപ്പേര്‍ മരിച്ചു

single-img
15 August 2017

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണില്‍ ഉണ്ടായ കൂറ്റന്‍ മണ്ണിടിച്ചിലില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ നഗരത്തിലെ റീജന്റ് പ്രദേശത്തെ ഒരു മല മുഴുവന്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ ഉറങ്ങിക്കിടന്നപ്പോള്‍ അപകടമുണ്ടായതാണ് മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ് വിവരം.

നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രീടൗണ്‍ നഗരത്തിലെ ആശുപത്രി മോര്‍ച്ചറിയില്‍ ഇരുനൂറിലേറെ ആളുകളുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്നതായി അധികൃതര്‍ വ്യക്തമാക്കി.

ദുരന്തത്തില്‍ 312 പേര്‍ മരിച്ചതായി റെഡ്‌ക്രോസ് വക്താവ് അബൂബക്കര്‍ തറാവല്ലി പറഞ്ഞു. അപകടത്തില്‍ കുടുങ്ങിയ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ 2,000 ആളുകള്‍ ഭവനരഹിതരായെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

നൂറുകണക്കിന് ആളുകളാണ് തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ അകപ്പെട്ടിരിക്കുന്നത്. വലിയൊരു ദുരന്തമാണിത്, ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്. പ്രളയത്തില്‍ അകപ്പെട്ട നാട്ടുകാരെ രക്ഷിക്കാനും സുരക്ഷാപ്രദേശത്തേക്ക് മാറ്റാനും ശ്രമിക്കുകയാണെന്നും സിയേറ ലിയോണ്‍ വൈസ് പ്രസിഡന്റ് വിക്ടര്‍ ഫോ പറഞ്ഞു.