ബ്ലുവെയില്‍ ഇന്ത്യയില്‍ നിരോധിച്ചു ,ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍മീഡിയകളോട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

single-img
15 August 2017

ഡല്‍ഹി: കൊലയാളി ഗെയിമിന് ഇന്ത്യയില്‍ നിരോധനം. നിരന്തര പരാതികള്‍ക്കൊടുവിലാണ് ആത്മഹത്യക്കളിയെന്ന് അറിയപ്പെട്ടിരുന്ന ബ്ലു വെയില്‍ ഗെയിമിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ഉടനടി നീക്കം ചെയ്യാന്‍ കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദേശം നല്‍കി.

ഗൂഗിള്‍, ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നി സോഷ്യല്‍ മീഡിയകള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. നേരത്തെ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ബ്ലുവെയില്‍ ഗെയിം നിരോധിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി മനേക ഗാന്ധിയും കേന്ദ്രത്തോട് ഈ ഗെയിം നിരോധിക്കണമെന്ന് ഇന്ന് ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗെയിം നിരോധിക്കണമെന്ന് മനേക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ഇതിനോടകം ലോകത്ത് 100ലതികം ആളുകള്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍. ഈ മാസം വിവാദ ഗെയിമായ ബ്ലൂവെയില്‍ കേരളത്തിലെത്തി. ഇതിനോടകം 2000ത്തിലതികം പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ മന്‍പ്രീത് സിങ് സഹാനി എന്ന പതിന്നാലുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് പൊലീസ് അനുമാനം.