“കുഞ്ഞുങ്ങളുടെ ജീവനേക്കാള്‍ വലുത് മുഖ്യമന്ത്രിയുടെ പ്രതിഛായ”: യോഗിയുടെ മുഖം രക്ഷിക്കാന്‍ വ്യാജ വാര്‍ത്തകളുമായി സംഘപരിവാര്‍

single-img
14 August 2017

ന്യൂഡല്‍ഹി: ഗൊരക്പൂരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ എഴുപത്തിരണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തിന് ശേഷം രാജ്യത്താകമാനം ബി.ജെ.പിക്ക് പ്രതിഛായ നഷ്ടമായതായാണ് വിലയിരുത്തല്‍. യു.പിയില്‍ വന്‍ വിജയത്തോടെ അധികാരത്തിലെത്തിയെങ്കിലും ഗൊരഖ്പൂര്‍ സംഭവം പാര്‍ട്ടിക്ക് തീരാകളങ്കമുണ്ടാക്കിയതായി സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ദുരന്തം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രം യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയതും വിമര്‍ശന വിധേയമായിട്ടുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങും ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.

യു.പി ഉപമുഖ്യമന്ത്രി കേശവേന്ദ്ര മൗര്യ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇത് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി സര്‍ക്കാരിനുമെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധവും ശക്തമാകുകയാണ്.

ഇതിനിടെയാണ് ആദിത്യനാഥിന്റെ നഷ്ടപ്പെട്ട മുഖം തിരിച്ച് പിടിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘപരിവാര്‍ പ്രചാരണങ്ങള്‍ നടക്കുന്നത്. ട്രൂത്ത് ഓഫ് ഗൊരഖ്പൂര്‍ എന്ന ട്വിറ്റര്‍ കാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

100ലധികം വരുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെ വ്യാപക പ്രചാരണമാണ് ആദിത്യനാഥിന് അനുകൂലമായി നടക്കുന്നത്. ഗൊരഖ്പൂര്‍ സംഭവത്തിന്റെ സത്യമെന്ന പേരില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ഇതിലൂടെ സംഘപരിവാര്‍ സംഘടനകള്‍ ചെയ്യുന്നത്.

യു.പിയില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തും വ്യാപകമായി ശിശുമരണങ്ങള്‍ നടന്നതായി ട്വീറ്റുകളില്‍ പറയുന്നു. പണം കൊടുത്ത് പി.ആര്‍ എജന്‍സികള്‍ വഴി നിയന്ത്രിക്കപ്പെടുന്ന ഇത്തരം ട്വിറ്റര്‍ അക്കൗണ്ടുകളിലെ സന്ദേശങ്ങള്‍ വാട്‌സ് ആപ് വഴിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്