യോഗി സര്‍ക്കാരിനെതിരെ മിണ്ടാന്‍ മോദിക്ക് നാവ് പൊന്തില്ലേ?: പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയരുന്നു

single-img
14 August 2017

ഗൊരക്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ എഴുപത്തിരണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായ ഗൊരക്പൂരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും. എന്നാല്‍ ദുരന്തത്തില്‍ ഇതുവരെ അനുശോചനം പോലുംരേഖപ്പെടുത്താതെ പ്രധാനമന്ത്രിയുടെ മൗനം തുടരുകയാണ്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം ഞെട്ടല്‍ വ്യക്തമാക്കിയിട്ടും പ്രധാനമന്ത്രി മാത്രം വിഷയത്തില്‍ മൗനം പാലിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

എന്തു സംഭവമുണ്ടായാലും സമൂഹമാധ്യമത്തില്‍ ഉടന്‍ പ്രതികരിക്കുകയും ദുരന്തങ്ങളില്‍ അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മാത്രം മൗനം പാലിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
സംഭവം നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂട്ടമരണം ഉണ്ടായിട്ടും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

2015ല്‍ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ഗജേന്ദ്രസിങ് എന്നയാള്‍ ജീവനൊടുക്കിയപ്പോള്‍ ദു;ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള മോദിയുടെ ട്വിറ്റും പോര്‍ച്ചുഗല്‍ കാട്ടുതീ ദുരന്തത്തെ അനുശോചിച്ച ട്വിറ്റും മോദി അധികാരത്തിലെത്തുന്നതിന് മുന്‍പ് കര്‍ഷക ആത്മഹത്യയില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള പഴയ ട്വീറ്റുകളും ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്.

ദുരന്തത്തില്‍ സര്‍ക്കാരിന്റെ വീഴ്ച വ്യക്തമായതു കൊണ്ടാണോ പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം മണ്ഡലത്തില്‍ സംഭവിച്ച ദുരന്തം ഉദ്യോഗസ്ഥരുടെ വീഴ്ചയായി ചിത്രീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ആശുപത്രി നോഡല്‍ഓഫീസറായ ഡോ. കഫീല്‍ അഹമ്മദിനെയും സര്‍ക്കാര്‍ നീക്കി.

ഓക്‌സിജന്‍ വിതരണം നിലച്ചപ്പോള്‍ അടിയന്തര ഇടപെടലിലൂടെ നൂറുകണക്കിന് കുഞ്ഞുങ്ങളെ രക്ഷിച്ച ഡോ. കഫീല്‍ അഹമ്മദിനെ നീക്കിയത് വിവാദമായി. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് സമയത്ത് കുടിശിക തീര്‍ത്തുകൊടുത്തില്ലെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ്മിശ്രയെ സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം നാലിനാണ് കുടിശിക തീര്‍ക്കണമെന്ന കത്ത് ഡോ. രാജീവ്മിശ്ര ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന സര്‍ക്കാര്‍ വാദം അദ്ദേഹം തള്ളി.

ജൂലൈ മൂന്നിനും 19നും ആഗസ്ത് ഒന്നിനും താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആശുപത്രിയിലെ സാഹചര്യങ്ങള്‍ വിശദമാക്കി കത്തയച്ചിരുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോ. രാജീവ്മിശ്ര പിന്നീട് രാജി നല്‍കി. ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യവും ശക്തമായി.