സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് എം.എം മണി: അതിരപ്പിളളി പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് വിവരക്കേട്

single-img
14 August 2017

ഇടുക്കി: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് വൈദ്യുതിമന്ത്രി എം.എം.മണി. പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്റെയും കെഎസ്ഇബിയുടെയും നിലപാട്. ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മന്ത്രി രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്. കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിച്ച് ഇതു പിന്നീട് പാര്‍ട്ടി നിലപാടെല്ലെന്ന് പറഞ്ഞ് കൈകഴുകുമെന്നും ഇത് അത്ര ശരിയായ നടപടിയല്ലെന്നും എംഎം മണി പറഞ്ഞു.

പദ്ധതി നടപ്പിലാക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന്, വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നും മലര്‍ന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവര്‍ക്ക് ഗുണകരമാകുമെന്ന് ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിരപ്പള്ളി പദ്ധതിയ്‌ക്കെതിരെ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിലായിരുന്നപ്പോള്‍ എന്തുകൊണ്ട് പദ്ധതി വേണ്ടെന്നു വച്ചില്ലെന്നും എംഎം മണി ചോദിച്ചു.