“ഭര്‍ത്താവ് 10 വയസ്സുകാരന്‍, ഭാര്യ 18കാരി”: നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

single-img
14 August 2017

പത്തുവയസുകാരന്‍ ഭര്‍ത്താവിന്റെയും പതിനെട്ടുകാരി ഭാര്യയുടെയും കഥപറയുന്ന ‘പെഹരെദാര്‍ പിയ കി’ എന്ന വിവാദ സീരിയലിനെതിരെ ഉടനടി നടപടി വേണമെന്ന് ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സോണി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നാണ് റിപ്പോര്‍ട്ട്.

പെറ്റീഷന്‍ ഓണ്‍ ചാര്‍ജ് ഡോട്ട് കോം ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലാണ് സീരിയലിനെതിരെ പരാതികള്‍ ഉയര്‍ന്നത്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്.

18 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മില്‍ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലില്‍ കാണിച്ചത്. എന്നാല്‍ ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് തങ്ങളുടെ പരിപാടിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് പറയുന്നത്. തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നും നടി വാദിച്ചിരുന്നു.