പ്രളയത്തിനും തടയാനാകില്ല ഇവരുടെ രാജ്യസ്‌നേഹം: ഈ സൈനികര്‍ക്ക് രാജ്യത്തിന്റെ ബിഗ് സല്യൂട്ട്

single-img
14 August 2017

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും പേമാരിയും തുടരുന്നതിനിടെ ഡ്യൂട്ടിക്കിറങ്ങിയ സൈനികരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രളയവും ഉരുള്‍പൊട്ടലും വകവയ്ക്കാതെ അരയ്‌ക്കൊപ്പം പൊന്തിയ വെള്ളത്തിലിറങ്ങിയാണ് ബി.എസ്.എഫ് ജവാന്‍മാര്‍ ഇപ്പോള്‍ അതിര്‍ത്തി കാക്കുന്നത്.

സൈനികരുടെ ചിത്രങ്ങള്‍ ബി.എസ്.എഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തു വന്നത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആയിരക്കണക്കിന് പേര്‍ ചിത്രം റീട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമാന്തരമായി ഒഴുകുന്ന പുനര്‍ബാബ നദി കരകവിഞ്ഞൊഴുകിയതോടെ അതിര്‍ത്തി പോസ്റ്റുകളിലെങ്ങും വെള്ളം കയറിയിരുന്നു. ദിവസങ്ങളായി തുടരുന്ന പേമാരിയിലും പ്രളയത്തിലും ബീഹാര്‍, ഹിമാചല്‍പ്രദേശ്, അസം, എന്നീ സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ആയിരങ്ങളാണ് പ്രളയത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി മാറിയത്.

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം പലയിടത്തും ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനും ദുരിതബാധിര്‍ക്ക് സഹായമെത്തിക്കാനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യോമസേനയുടെ സഹായം തേടിയിരുന്നു. അടിയന്തരസാഹചര്യം നേരിടുവാന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്.