ശ്രീലങ്കയില്‍ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ: മൂന്നാം ടെസ്റ്റിലും ഇന്നിങ്‌സ് വിജയം

single-img
14 August 2017

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്നിംഗ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തകര്‍ത്തുവിട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയ ഇന്ത്യ ലങ്കന്‍ മണ്ണില്‍ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. ലങ്കന്‍ മണ്ണില്‍ ആദ്യമായി സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടുന്നുവെന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് 1994ല്‍ ഇന്ത്യയിലാണ് ലങ്കക്കെതിരെ ഇന്ത്യ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയത്.

ഇന്ത്യയുടെ 487 എന്ന ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 135 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 181 റണ്‍സിനും പുറത്തായി. ഉജ്ജ്വല സെഞ്ച്വറിയോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം. രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 358 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പരമ്പരയുടെ താരം.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ലങ്കയുടെ ഇന്നിംഗ്‌സ് 181 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ലങ്കയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചത് രവിചന്ദ്ര അശ്വിന്‍. 16 റണ്‍സെടുത്ത ദിമുത് കരുണരത്‌നയെ അശ്വിന്‍ രഹാനയുടെ കൈകളിലെത്തിച്ചു. പിന്നാലെ വന്ന മലിന്ദ പുഷ്പകുമാരെ(1) കുശാല്‍ മെന്‍ഡിസ്(12) എന്നിവരെ ഷമി മടക്കി.

തോല്‍വി ഒഴിവാക്കാന്‍ വമ്പന്‍ ഇന്നിംഗ്‌സുകള്‍ വേണ്ടിയിരുന്ന ലങ്ക നാലിന് 39 എന്ന നിലയിലേക്കും ഏഴിന് 138 എന്ന നിലയിലേക്കും വീണു. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചന്ദിമാലും മാത്യൂസും ചേര്‍ത്ത 69 റണ്‍സാണ് സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. മധ്യനിരയില്‍ ചന്ദിമാല്‍ (36), മാത്യൂസ് (35), ഡിക്‌വെല്ല (41) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും അത് തോല്‍വി ഒഴിവാക്കാന്‍ പര്യാപ്തമായിരുന്നില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ലങ്കയെ തകര്‍ത്തത്. മല്‍സരം അവസാനിക്കാന്‍ രണ്ടു ദിവസം കൂടി അവശേഷിക്കുമ്പോഴാണ് ഇന്ത്യന്‍ ജയം.

ഗോളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 53 റണ്‍സിനും ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തു. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യുമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇനി അവശേഷിക്കുന്നത്. പരമ്പരയിലെ ആദ്യ മല്‍സരം ഓഗസ്റ്റ് 20നാണ്.