തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റു: പെരിന്തല്‍മണ്ണയില്‍ യുവാവ് മരിച്ചതിങ്ങനെ

single-img
14 August 2017

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ച മാസിന്റെ സുഹൃത്ത് മാനസമംഗലം സ്വദേശി മുസമില്‍ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോള്‍ പിന്നിലിരുന്ന യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ യുവാവ് പിന്നോട്ട് വീഴാന്‍ പോകുന്നതായി ദൃശ്യത്തില്‍ കാണാം.

ആശുപത്രിയിലെത്തിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിന്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കള്‍ ഡോക്ടര്‍മാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളയുകയായിരുന്നു.