ഹോട്ടലില്‍ പോയാല്‍ കീശചോരും: എ.സിയില്ലാത്ത ഭാഗത്തിരുന്ന് കഴിച്ചാലും, പാര്‍സല്‍ വാങ്ങിയാലും കൊടുക്കണം 18 ശതമാനം ജിഎസ്ടി

single-img
14 August 2017

ന്യൂഡല്‍ഹി: ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇനി ജി എസ് ടി ഒഴിവാക്കാന്‍ പറ്റില്ല. ഹോട്ടലില്‍ കയറി എ.സിയില്ലാത്ത ഭാഗത്തിരുന്ന് ഭക്ഷണം കഴിച്ചാലും 18 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരും. ഇനി അഥവാ ജിഎസ്ടി കൊടുക്കാന്‍ മടിച്ച് ഭക്ഷണം പാര്‍സല്‍ വാങ്ങാമെന്ന് കരുതിയാലോ? അപ്പോഴും നല്‍കണം 18 ശതമാനം ജിഎസ്ടി. ചുരുക്കി പറഞ്ഞാല്‍ ജി എസ് ടി നല്‍കാതെ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ പറ്റില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളിലാണെങ്കില്‍ 28 ശതമാനമാണ് ജിഎസ്ടി.

ജൂലായ് ഒന്നിന് നിലവില്‍വന്ന ചരക്ക് സേവന നികുതി പ്രകാരം ശീതീകരിക്കാത്ത റസ്റ്റോറന്റുകളില്‍നിന്ന് ഭക്ഷണം കഴിച്ചാല്‍ 12 ശതമാനം ജിഎസ്ടിയാണ് ബാധകമാകുക. ശീതീകരിച്ച ഒന്നാം നിലയില്‍ റെസ്‌റ്റോറന്റും ബാറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശീതീകരിക്കാത്ത താഴത്തെ നിലയില്‍നിന്ന് ഭക്ഷണം കഴിക്കുകയോ പൊതിഞ്ഞുവാങ്ങുകയോ ചെയ്താല്‍ 18 ശതമാനംതന്നെ ജിഎസ്ടി നല്‍കേണ്ടിവരുമായിരുന്നു. ഇക്കാര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്.