ഗോരഖ്പൂരില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

single-img
14 August 2017

ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. ഇന്ന് ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74ആയി. ആശുപത്രി അധികൃതര്‍ തന്നെയാണ് മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചത്.

മരിച്ച മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് മസ്തിഷ്‌ക ജ്വരവും രണ്ടാള്‍ക്ക് ജപ്പാന്‍ ജ്വരവും ആണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. ഇപ്പോഴും നിരവധികുട്ടികള്‍ പലവിധ അസുഖങ്ങള്‍ ബാധിച്ച് ചികിത്സയിലാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്കയുണ്ട്.

അതേസമയം ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിനിടെ കുട്ടികളുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി സര്‍ക്കാരിനുമെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.