സിപിഐ ഓഫിസുകളില്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തും

single-img
14 August 2017

സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ച് സിപിഐ. ദേശീയതയും ദേശീയചിഹ്നങ്ങളും ചിലരുടെ മാത്രം കുത്തകയാക്കുന്നത് അനുവദിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് റിപ്പബ്ലിക് ദിനത്തിനു പിന്നാലെ ഇത്തവണ സ്വാതന്ത്ര്യദിനത്തിലും രാജ്യത്തെ സിപിഐ ഓഫിസുകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നത്.

പാര്‍ട്ടി ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിപിഐ ദേശീയ കൗണ്‍സിലാണു കഴിഞ്ഞ വര്‍ഷം അവസാനം തീരുമാനിച്ചത്. ആദ്യപടിയായി ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു പ്രധാന ഓഫിസുകളിലെല്ലാം പതാക ഉയര്‍ത്തിയിരുന്നു.

ചൊവ്വാഴ്ച സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തും. മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികളൊന്നും ഓഫിസില്‍ ദേശീയപതാക ഉയര്‍ത്തുന്ന പതിവില്ല. സിപിഎമ്മും പോഷക സംഘടനകളും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മറ്റും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും അവയില്‍ ദേശീയപതാക ഉപയോഗിക്കാറില്ല.