മെഡിക്കല്‍ കോഴയില്‍ ‘നുണക്കഥകള്‍’ മെനഞ്ഞ് ബിജെപി: റിപ്പോര്‍ട്ട് തിരുത്തി വിജിലന്‍സിന് മൊഴി നല്‍കണമെന്ന് ദേശീയനേതൃത്വം

single-img
14 August 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി ഒത്തുതീര്‍പ്പിനൊരുങ്ങുന്നു. ഇതേ തുടര്‍ന്ന് രമേശിന്റെ പേര് അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനം. രമേശിനെ പോലുള്ള നേതാവിന്റെ നഷ്ടം കനത്തതായിരിക്കുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.

പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് എം.ടി. രമേശിന്റെയും സതീശ് നായരുടെയും പേരുകള്‍ ഒഴിവാക്കി അതിനനുസൃതമായി വിജിലന്‍സിനു മൊഴി നല്‍കാനും ദേശീയനേതൃത്വം നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ടു കമ്മീഷന്‍ അംഗം എ.കെ.നസീറിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തിയതായാണ് സൂചന. വിജിലന്‍സ് അന്വേഷണത്തില്‍നിന്ന് രക്ഷപെടുന്നതിനുള്ള നീക്കമായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്.

മെഡിക്കല്‍ കോഴയിലെ യഥാര്‍ഥ റിപ്പോര്‍ട്ട് വിജിലന്‍സിനു കൈമാറിയാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരനും എം.ടി.രമേശും നിയമനടപടികള്‍ നേരിടേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാന്‍ എം.ടി.രമേശിനെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്നു പൂര്‍ണമായും നീക്കാനാണ് തീരുമാനം.

എം.ടി.രമേശിനെതിരായ ഷാജിയുടെ മൊഴിയും കുമ്മനം രാജശേഖരന്റെ ഡല്‍ഹിയിലെ പഴ്‌സനല്‍ സ്റ്റാഫായിരുന്ന സതീശ് നായരുടെ പേരും റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കും. കുമ്മനത്തിനെതിരായ അന്വേഷണത്തിലേക്ക് സതീശിന്റെ പേര് നയിച്ചേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പേരുകള്‍ നീക്കം ചെയ്യുന്നത്.

പുതിയ റിപ്പോര്‍ട്ടിനനുസരിച്ച് വിജിലന്‍സിനു മൊഴി നല്‍കാന്‍ കമ്മീഷന്‍ അംഗങ്ങളായ കെ.പി.ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഈമാസം 22നാണ് ഇരുവരും മൊഴി നല്‍കുന്നത്. നേരത്തെ ഹാജരാകണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി ധാരണ അടിസ്ഥാനപ്പെടുത്തി ഹാജരാകാമെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു.